Thursday, August 3, 2017

മർക്കസ് എന്ന വണ്ടർലാന്റ്

മുൻ മാതൃകകളില്ലാതെ അനേകം സുകൃതങ്ങൾ വർണ്ണാഭമായി വിരിയിച്ച അക്ഷര ഗോപുരമാണ് മർക്കസ്.
മതപഠനത്തിലേക്ക് അനേകായിരം പേരെ ഹഠാദാകർഷിച്ച, 
മതപഠനം മോഹനവും 
സാർവത്രികവുമാക്കാൻ മുമ്പേ നടന്ന  വാഫി കോഴ്സ്, 
പെൺകുട്ടികളുടെ ഫസ്റ്റ് ചോയ്സ് ആയി മാറിയ വഫിയ്യ കോഴ്സ്, 
ഇസ്ലാമിക് റെസിഡൻഷ്യൽ സ്കൂളിനെ കേരളത്തിന് പ്രാക്ടിക്കലായി പരിചയപ്പെടുത്തിയ ബോർഡിംഗ് സ്കൂൾ, 
കെ.ജി. മുതൽ പി.ജി. വരെ  ഉയർന്ന നിലവാരത്തിൽ ,അച്ചടക്കത്തോടെ നടത്താനാവുമെന്ന് ഇന്നും തെളിയിച്ച് കൊണ്ടിരിക്കുന്ന , വിശാലമായ  കാമ്പസ്, 
ഹിഫ്ള് പഠനവും സ്കൂൾ പഠനവും ഒരേ സമയം സാധ്യമാണെന്ന് തെളിയിച്ച ഹിഫ്ള് കോളേജ് , അഡ്മിഷന് പരസ്യം ആവശ്യമായി വരാത്ത വിധം രക്ഷിതാക്കൾ അന്വേഷിച്ചെത്തുന്ന സ്ഥാപനങ്ങൾ ഇങ്ങനെ അനേകം അത്ഭുതങ്ങളിലൂടെ
ഇസ് ലാമിക കലാലയങ്ങൾക്ക് എന്നും മാതൃകയായി മർക്കസ് മുന്നിലുണ്ട്.
നടത്തിപ്പു രീതികൾ മന സ്സിലാക്കാൻ വേണ്ടി മാത്രം  ഓരോ വർഷവും ഒരുപാട് സ്ഥാപന പ്രതിനിധികൾ മർക്കസ് സന്ദർശിക്കാറുണ്ട്.

സമസ്ത മലപ്പുറം ജില്ലാ കമ്മറ്റിക്ക്‌ കീഴിൽ ഗൾഫിലെ ദീനീ പ്രവർത്തകരുടെ നിസ്സീമമായ പിന്തുണയോടെ 
സമസ്ത പ്രസിഡന്റും ജാമിഅ നൂരിയ്യ പ്രിസിപ്പലുമായിരുന്ന കെ കെ അബൂബക്കർ ഹസ്രത്തിന്റെ നേതൃത്വത്തിൽ 1986 ൽ തുടക്കം കുറിക്കപ്പെട്ട മർക്കസിന്റെ  ചരിത്രവും നാൾവഴികളും അഭിമാനപൂർവം ഒരിക്കൽ കൂടി മുസ്ലിം കൈരളി അയവിറക്കുകയാണ്.

മർക്കസ്സ് സഥാപകനും വഴിവെളിച്ചവുമായ *കെ.കെ അബൂബക്കർ ഹസ്രത്*, 2008 ൽ മരണം വരെ പ്രസിഡൻ്റായിരുന്ന *സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ*,
ആരംഭം മുതൽ 2012 ൽ മരിക്കുന്നത്‌ വരെ നീണ്ട കാൽ നൂറ്റാണ്ടിലധികം കാലം  മർക്കസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന *കുഞ്ഞുട്ടി ഹാജി, തച്ചറക്കൽ ഇബ്രാഹീം ഹാജി, സി.കെ കൈമലശ്ശേരി* അങ്ങനെ അനേകം മഹാമനീഷികൾ,

എല്ലാവർക്കും അല്ലാഹു മഗ്‌ഫിറത്തും മർഹമത്തും നൽകുമാറാവട്ടെ.....
സഹായിച്ചവരെ, സഹായിക്കുന്നവരെ അല്ലാഹു സഹായിക്കട്ടെ ...

മതരംഗത്ത്‌ ഒന്നാംക്ലാസ്‌ മദ്രസ മുതൽ ബിരുദാനന്തരബിരുദം വരെ നിൽകുന്ന സ്ഥാപനങ്ങളെയും
ഭൗതികരംഗത്ത്‌ എൽ കെ ജി മുതൽ ബി എഡ്‌ വരെ ലഭിക്കുന്ന സ്ഥാപനങ്ങളെയും 
മാതൃകാപരമായി 
നടത്തിക്കൊണ്ടു പോകുന്ന ആദരണിയരായ പ്രസിഡന്റ് *സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ*, 
സെക്രട്ടറി പദം ഏറ്റെടുത്ത്‌ 5 വർഷം കൊണ്ട് മർക്കസിൻ്റെ മുഖഛായ തന്നെ മാറ്റിയെടുത്ത്, ചൂരും ചൂടും പകർന്നു കൊണ്ടിരിക്കുന്ന *ആദൃശേരി ഹംസക്കുട്ടി മുസ്ലിയാർ*, ദീർഘ വീക്ഷണം കൊണ്ടും ധിഷണാ പാടവം കൊണ്ടും *മർക്കസിൻ്റെ ഇൻ്റലക്ച്വൽ ഫ്ലെയിം ആയി അറിയപ്പെടുന്ന അബ്ദുൽ ഹക്കീം  ഫൈസി ആദൃശ്ശേരി* 
തുടങ്ങിയ പ്രമുഖരുടെ  
സാന്നിധ്യം ഇന്നും അനേകായിരങ്ങളെ മർക്കസിലേക്ക് ആകർഷിക്കുന്നു.

*പ്രഗത്ഭരും ഭാവനാസമ്പന്നരുമായ അദ്ധ്യാപകരുടെ സാന്നിദ്ധ്യം മർക്കസിനെ  എപ്പോഴും വേറിട്ടു നിർത്തി*. 
വാഫി, വഫിയ്യാ ശിൽപി പ്രൊഫ. അബ്ദുൽ ഹക്കിം ഫൈസി ആദൃശ്ശേരി, ആർട്സ് കോളേജ് പ്രിൻസിപ്പളായിരുന്ന സമദാനി സാഹിബ്‌, പി.പി മുഹമ്മദ്‌ ഫൈസി, ജലീൽ ഫൈസി പുല്ലങ്കോട്‌,സി കെ കൈമലശ്ശേരി, ഹദീസ് പണ്ഡിതനായ കുഞ്ഞാമു ഫൈസി, ചരിത്രകാരനും ഗ്രന്ഥകാരനുമായ കുട്ടി ഫൈസി, കർമശാസ്ത്ര പണ്ഡിതനും എഴുത്തുകാരനുമായ എം കെ കൊടശ്ശേരി ഫൈസി, എ.ടി. മുഹമ്മദലി ഖാസിമി, മുഹമ്മദ് ദാരിമി, നെടുങ്ങോട്ടൂർ കുഞ്ഞഹമദ് ബാഖവി, തലക്കടുത്തൂർ യൂസുഫ്‌ മുസ്ല്യാർ, എഴുത്തുകാരൻ ഉസ്മാൻ ഇരിങ്ങാട്ടിരി, കവി നൗഷാദ്‌ പുഞ്ച, തുടങ്ങിയവർ അവരിൽ പ്രധാനികളാണ്‌. 
തന്മൂലം മർക്കസ്‌ സ്ഥാപനങ്ങൾ ഒന്നൊന്നായി സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി.
കേരളത്തിന്റെ നാനാതുറകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമെല്ലാം വിജ്ഞാനം തേടി വിദ്യാർത്ഥികൾ  കായ്ച്ചു  നിൽക്കുന്ന തെങ്ങുകളും പൂത്തുനിൽക്കുന്ന  മാവുകളും നിറഞ്ഞ മാമ്പാറകുന്നിലെത്തി.
ശിഹാബ്‌ തങ്ങൾ തന്നെ തന്റെ മകൻ മുനവ്വറലി തങ്ങളെ മൂന്ന് വർഷം മർക്കസിന്റെ ബോർഡിങ്ങിൽ പഠിപ്പിച്ചു. ഇന്നത്തെ യൂത്ത്‌ ലീഗ്‌ നേതാവും പത്രപ്രവർത്തകനുമായ നജീബ്‌ കാന്തപുരം,പി കെ കെ ബാവയുടെ മകൻ അഡ്വ ശാഫി തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ പതിനായിരങ്ങൾ ഇവിടെ നിന്ന് പഠിച്ചിറങ്ങി. 
യാത്രകളിലും മറ്റും പരിചയപ്പെടുന്ന പലരും 'ഞാനും മർക്കസിലുണ്ടായിരുന്നു  ' എന്ന് പറയുമ്പോൾ ഉള്ളിൽ കുളിര് കോരും.
സാദിഖലി തങ്ങൾ, അബ്ബാസലി തങ്ങൾ, റഷീദലി തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, ഹക്കീം ഫൈസി , ഹംസക്കുട്ടി ബാഖവി തുടങിയവരുടെ മക്കളും ഇന്ന് വാഫിയിൽ പഠിച്ചു കൊണ്ടിരിക്കുന്നു. 
*ഒരേ വീട്ടിലെ മുഴുവൻ പേരും മർക്കസിലെ ഏതെങ്കിലുമൊരു സ്ഥാപനത്തിൽ* പഠിച്ച അനേകം കുടുംബങളെ കാണുമ്പോൾ നാമറിയുന്നു മർക്കസ് എത്രമേൽ പ്രിയപ്പെട്ടതായിരുന്നു അവർക്കെന്ന്. 
വാഫി-വഫിയ്യ കോഴ്സുകളിലൂടെ ഒരു തലമുറക്കു വളരാനുള്ള മണ്ണും വിണ്ണും ഒരുക്കി  മുന്നിൽ നിന്നു മാതൃകയായി ഈ കാമ്പസ്‌. സിലബസും കരിക്കുലവും മാത്രമല്ല,
പലപ്പോഴും മർക്കസിലെ ബെല്ലടി സമയങ്ങൾ പോലും അതേപടി പിൻതുടർന്നു സഹോദരസ്ഥാപനങൾ. !

മുസ്‌ലിം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ അതുല്യമായ ഒരു മുഹൂർത്തമാണ്‌ നമുക്ക് മുന്നിലുള്ളത്. 
*ഇത് ചരിത്രമാവുക തന്നെ ചെയ്യും.*
കാരണം *2017 ഓഗസ്റ്റ്‌ 4,5,6 തിയതികളിൽ വളാഞ്ചേരി മർക്കസിൽ* നടക്കുന്ന മെഗാ സമ്മേളനം സാക്ഷിയാകുന്നത് പല വിധ വൈവിധ്യങ്ങൾക്കുമാണ്.

ദീനീ ദഅവത്, അധ്യാപനം,   വാർത്താ മാധ്യമങ്ങൾ ,അഡ്മിനിസ്ട്രേഷൻ ,ബിസിനസ് മേഖലകളിൽ സേവനം ചെയ്യുന്ന മത ഭൗതിക ബിരുദധാരികളായ  250 ലധികം *വാഫികൾ സനദ്‌ ഏറ്റുവാങ്ങുമ്പോൾ...*.
സമന്വയ വിദ്യാഭ്യാസ ചരിത്രത്തിലെ മഹാത്ഭുതമായി, ഉമ്മത്തിനു വീണ്ടെടുപ്പിന്റെ ഊർജ്ജം പകരാൻ , 
ജലാലെനിയും മിശ്കാതും ഫത്ഹുൽ മുഈനും നഹ് വും സ്വർഫും അദബും ബലാഗയും ഒപ്പം യൂണിവേഴ്സിറ്റി ഡിഗ്രിയും കരസ്ഥമാക്കിയ , അധ്യാപന - പ്രഭാഷണ മേഖലകളിൽ  പ്രവർത്തിക്കുന്നവരുൾപ്പെടെ *നൂറിലേറെ വരുന്ന വഫിയ്യകൾ വനിതാ സംഗമത്തിൽ വെച്ച് സനദ് വാങ്ങി കർമ്മ രംഗത്തേക്കിറങ്ങുമ്പോൾ..*

വിശുദ്ധ ഖുർആൻ നെഞ്ചേറ്റിയ നിരവധി *ഹാഫിളീങ്ങളെ സമുദായത്തിനു സമർപ്പിക്കുമ്പോൾ*
പുതിയതായി പണികഴിപ്പിച്ച *ഹിഫ്ള് കോളേജ് ബിൽഡിംഗ്, ഓഡിറ്റോറിയം, പി.ജി ബ്ലോക്ക്, ഹൈടെക് കിച്ചൺ* എന്നിവ സമർപ്പിക്കപ്പെടുമ്പോൾ,
പള്ളി പുനരുദ്ധാരണം, 
വഫിയ്യ ഡേ കോളേജ് നിർമാണം എന്നിവക്ക് തുടക്കം കുറിക്കുമ്പോൾ..

*പാണക്കാട് സയ്യിദൻമാരും സമസ്ത നേതാക്കളും അലിയ്യുൽ ഹാശിമിയും യൂസഫലി സാഹിബും മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ അനേകം പ്രതിഭകളും* ഒരേ വേദിയിൽ അണിനിരക്കുമ്പോൾ..

*നമുക്കും സാക്ഷിയാകാം...*

വരൂ,
മർക്കസിലേക്ക്,
ആത്മാഭിമാനത്തിൻ്റെ ഭൂമികയിലേക്ക്..
ഹമീദ് വാഫി, കുരുവമ്പലം

No comments:

Post a Comment

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...