Wednesday, August 2, 2017

വഫിയ്യ കലാലയ ജീവിതത്തെക്കുറിച്ച് ജസീല വഫിയ്യ അമ്പലക്കണ്ടി* എഴുതുന്നു.

വസന്തകാലത്തിന്റെ ഓർമ്മകൾക്കെന്നും വസന്തമാണ്
കാത്തിരിപ്പിന് ശേഷം പ്രഥമ വഫിയ്യ സനദ് ദാനം വന്നെത്തുന്നു.! 2017 ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് അഹ് ലു ബൈത്തിലെ മഹിളാരത്നം *പാണക്കാട് സയ്യിദത്ത് ഫാത്തിമ സുഹ്റ ബീവി*യുടെ തിരുകരങ്ങളിൽ നിന്ന് ഞങ്ങൾ111പേർ വിനയപൂർവ്വം സനദ് സ്വീകരിക്കും,( ഇ.അ). സ്ത്രീകൾ മാത്രം സംഗമിക്കുന്ന ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാവാൻ എല്ലാ ഉമ്മമാരും ഇത്തമാരും  അനിയത്തിമാരും വരുമെന്ന് കരുതട്ടെ,

മുപ്പതാം വാർഷിക സനദ് ദാന വേളയിൽ ഞങ്ങൾ വഫിയ്യയിൽ ചെലവഴിച്ച നല്ല നാളുകളുടെ ഓർമ്മകൾ മനസിലേക്ക് വരുന്നു.
അതെ,മർക്കസിലിപ്പോൾ പെരുന്നാളാണ്,ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനുമിടയിലെ വലിയപെരുന്നാൾ.സ്വപ്നം കാണൽ പോലും നിഷേധിക്കപ്പെട്ട ഒരു ജനത കണ്ട സ്വപ്നത്തിന്റെ വിളവെടുപ്പിന്റെ വസന്തോത്സവം.വഫിയ്യാ സനദിന് പുറമെ വാഫി,ഹിഫ്ള് സനദ് ദാനങ്ങളും നടക്കുന്നു. മത പഠനത്തിന് ഭൗതിക പഠനവും ഭൗതിക പഠനത്തിന് മതപഠനവും തടസ്സമാവാതെ സമന്വയത്തിന്റെ പാതയിൽ സഞ്ചരിച്ച യുവതയുടെ സമർപ്പണത്തിന്റെ വിജയഗാഥ.


എട്ട് വർഷങ്ങൾക്ക് മുമ്പ് SSLC കഴിഞ്ഞപ്പോൾ എനിക്ക് മുമ്പിലും ചോദ്യങ്ങളുണ്ടായിരുന്നു.എന്റെ വീട് ദീനി അന്തരീക്ഷത്തിലായിരുന്നെങ്കിലും പേരാമ്പ്രയിലെ ഞങ്ങളുടെ നാട്ടിലധികവും സാധാരണ മിഡിൽ ക്ലാസ് മുസ്ലിം ഫാമിലികളായിരുന്നു. ഉപരിപഠന മേഖലകൾ MBBS,BDS, എഞ്ചിനിയറിംഗ് തുടങ്ങിയവയായിരുന്നു.
അതിൽ നിന്നുള്ള മാറ്റമായിരുന്നു എന്റേത്, കവി *റോബർട്ട് ഫ്രോസ്റ്റ്* പറയുന്നത് പോലെ 
Two roads diverged in a wood, and I
I took the one less traveled by,
And that has made all the difference
(Road Not Taken)
അധികമാരും പോകാത്ത വഴി ഞാൻ തെരെഞ്ഞെടുത്തു.
അതിന് ഉപ്പയോട് ഞാൻ കടപ്പെട്ടിരിക്കുന്നു.

ഒരു ദിവസം ബിസ്നസ് ആവശ്യാർത്ഥം ഉപ്പ തൃശ്ശൂരിലേക്ക് പോകുമ്പോൾ വളാഞ്ചേരിക്കടുത്ത് വെച്ച് ഒരു 'നല്ല'ട്രാഫിക്ക് ബ്ലോക്കിൽ പെട്ടു.(പിന്നീടാണ് എനിക്ക് ബോധ്യമായത് എന്റെ ജീവിതം മാറ്റിമറിച്ച ഒരു നല്ല ബ്ലോക്കായിരുന്നു അതെന്ന്).വണ്ടിയിൽ മുഷിഞ്ഞിരിക്കുന്നതിനിടയിലാണ് ഇലക്ട്രിക് പോസ്റ്റിലെ ഫ്ലക്സ് ഉപ്പ ശ്രദ്ധിച്ചത്: *SSLC ക്ക് ശേഷം വാഫി, വഫിയ്യ.*ഈ പദങ്ങൾ ഇന്നത്തെപ്പോലെ  പരിചിതമായിരുന്നില്ലന്ന്. ആദ്യമായിട്ടായിരിക്കും ഉപ്പ ആ പദങ്ങൾ കാണുന്നത്. തിരിച്ച് വരുമ്പോൾ വളാഞ്ചേരി മർക്കസിൽ ഇറങ്ങി കോഴ്സിനെക്കുറിച്ച് കൂടുതൽ മനസിലാക്കി, എന്ട്രൻസ് പരീക്ഷക്കുള്ള അപേക്ഷ വാങ്ങി.
ഒരാഴ്ച കഴിഞ്ഞ് ഞങ്ങൾ പോയി,വളരെ പ്രതീക്ഷയോടെ, ചരിത്രത്തിലെ ആദ്യത്തെ വഫിയ്യ എൻട്രസ് പരീക്ഷ എഴുതാൻ. എൻട്രൻസിന് നൂറ് കണക്കിന് പേർ. ആകെ  നൂറ് സീറ്റ് മാത്രം. അന്ന് മർകസിൽ മാത്രമേ വഫിയ്യ കോഴ്സ് ഉണ്ടായിരുന്നുള്ളൂ.
ഫലം വന്നപ്പോൾ ആദ്യലിസ്റ്റിൽ തന്നെ പ്രവേശനം ലഭിച്ചു,വഫിയ്യയിലെ ആദ്യ ബാച്ചിൽ.

അനുഗ്രഹീതയായിരുന്നു വഫിയ്യക്കാലം.ഒ.എൻ.വി പാടിയതിനുമപ്പുറം  മോഹിച്ച് പോകുന്നു. ഒരു വട്ടം കൂടി ... 
അതെ,അറിവിൻ തീരം തേടി അലകടലിൽ പദങ്ങൾ തീർത്ത കാലം... ഉന്നത ഇസ്ലാമിക പഠനങ്ങളോടൊപ്പം പ്ലസ്ടു, യൂണിവേഴ്സിറ്റി ഡിഗ്രിയും സമന്വയിച്ച വഫിയ്യ കരിക്കുലം ഡബിൾ ഡോസാണെങ്കിലു ആസ്വാദ്യകരമാണ്.

തഫ്സീർ, മിശ്ക്കാത്ത്, ഫത്ഹുൽ മുഈൻ, ഇഹ് യാ ഉലൂമിദ്ദീൻ, ഉസൂലുൽ ഫിഖ്ഹ്, ഹദീസ് നിദാനശാസ്ത്രം,അറബി ഭാഷാ സാഹിത്യ ഗ്രന്ഥങ്ങൾ...തുടങ്ങിയവ പ്രഗൽഭരായ ഉസ്താദുമാരിൽ നിന്ന് പഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അമൂല്യ ഭാഗ്യമായി ഞങ്ങൾ കരുതുന്നു.
മർക്കസിന്റെ വഫിയ്യ കാമ്പസിൽ ഞങ്ങൾ സുരക്ഷിതരും ആഹ്ലാദഭരിതരുമായിരുന്നു. മതിൽക്കെട്ടിനുള്ളിലെ ജീവിതം നിങ്ങൾക്ക് ജയിലായി തോന്നാം.പക്ഷേ ഞങ്ങൾ സന്തുഷ്ടരായിരുന്നു.  അതിനുളളിൽ ഞങ്ങളുടെ മാത്രമായ ഒരു പെൺ ലോകമുണ്ടായിന്നു. പഠനം,വായന,എഴുത്ത്, പ്രസംഗം,ചർച്ച,സംവാദം,പാട്ട്... എന്നിവ കൊണ്ട് നിറഞ്ഞ രാപകലുകൾ!
മൂന്നരക്ക് ക്ലാസ് കഴിയും. അസ്വർ ജമാഅത്ത് കഴിഞ്ഞ് തസ്ബീഹ്  വരെയുള്ള ഇടവേള പലരുടെയും ക്രിയേറ്റിവിറ്റികൾ പുറത്ത് വരുന്ന സുന്ദര നിമിഷങ്ങളാണ്.സന്തോഷങ്ങളും സൗഹൃദങ്ങളും പങ്കിടുന്ന വൈകുന്നേരം. ഇതിനെല്ലാമിടയിലും ഉറ്റവരെ വിട്ട് ഹോസ്റ്റലിൽ ജീവിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പിരിമുറുക്കം (ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണധികവുമുണ്ടാവുക)വരുമ്പോൾ വന്നിരിക്കുന്നൊരിടമുണ്ട് അൽ ഗൈസിലെ വഫിയ്യയിൽ;ഞങ്ങൾ ആ സ്ഥലത്തെ *ടെൻഷൻ കോർണർ* എന്നാണ് വിളിച്ചിരുന്നത്.'തുല്യ ദു:ഖിതർ' സംഗമിക്കുന്ന ടെൻഷൻ കോർണറിൽ ഇത്തിരി നേരമിരുന്നാൽ ഒത്തിരി സങ്കടങ്ങൾ അലിഞ്ഞില്ലാതാകും. ഇപ്പോഴും അതവിടെയുണ്ടോ ആവോ..!?
പഠന കലാ മത്സരങ്ങൾക്ക് പുറമെ കായിക മേളകൾക്കും അവസരമുണ്ടായിരുന്നു. BDS കഴിഞ്ഞ് ദന്ത ഡോക്ടറായ എന്റെ ജേഷ്ടത്തി ഒരിക്കൽ പോലും ഒരു ഷട്ടിൽ ബാറ്റോ വോളിബോളോ തൊട്ടിട്ടുണ്ടാവില്ല.തനി ഭൗതിക കാമ്പസിലും പെണ്ണിന് ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ലഭിച്ചേക്കില്ല.പക്ഷേ സുരക്ഷിത വലയമൊരുക്കി വഫിയ്യ പുതിയ വാതിൽ തുറന്ന് തന്നു.ആയിഷ ബീവി(റ) ഓട്ടമത്സരത്തിൽ പങ്കെടുത്തെന്ന് ഞങ്ങൾ പഠിച്ചത് ഒരു ഹദീസ് ക്ലാസിലായിന്നു.ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്: ഭർത്താവിനൊപ്പം ഓട്ട മത്സരം നടത്താൻ ഭാഗ്യം ലഭിച്ച എത്ര ഭാര്യമാരുണ്ടീ ഭൂമി മലയാളത്തിൽ ! വൈകുന്നേരങ്ങളിലെ ഞങ്ങളുടെ വോളിബോളും ഷട്ടിലും ഓട്ടവും ചാട്ടവും *ഇമാം ഗസ്സാലി (റ) സൂചിപ്പിക്കുന്നത് പോലെ* മനസ്സിന് ഉണർവും തൻമൂലം കിതാബ് പഠനത്തിനും  അറിവന്വേഷണങ്ങൾക്കും ഊർജം ലഭിച്ചു.
*കലാ-കായിക മേളയുടെ സ്റ്റേജും ഗ്രൗണ്ടും ട്രാക്കും എല്ലാം ഒരുക്കുന്നതും സംഘടിപ്പിക്കുന്നതും ഞങ്ങൾ വിദ്യാർത്ഥിനികൾ ഒറ്റക്കാണ്. മൈക്ക് ഓപ്പറേറ്ററായി പോലും പുരുഷ സാന്നിധ്യം ഗൈയിറ്റ് കടക്കാറില്ല.*ഇത് ഞങ്ങളിൽ പലർക്കും ഒട്ടേറെ ലൈഫ് സ്കില്ലുകൾ നേടിത്തന്നു.
ഓരോ സെമസ്റ്ററിലേയും പരീക്ഷകൾ പാസാകുന്നവർക്കേ തുടർന്ന് പഠിക്കാൻ യോഗ്യതയുള്ളൂ.
നൂറ് പേരുണ്ടായിരുന്ന ഞങ്ങളുടെ ബാച്ചിൽ  കോഴ്സ് പൂർത്തിയാക്കി സനദ് വാങ്ങാൻ അർഹരായത് 41 പേർ.ബാക്കിയുള്ളവർ പല സമയങ്ങളിലായി കൊഴിഞ്ഞ് പോയി.സെമസ്റ്ററുകളിൽ തട്ടി വീണും കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്ന കല്യാണാലോചനകളിൽ കുടുങ്ങിയും മറ്റും. *ഇപ്പോൾ നാലാം വർഷം പൂർത്തിയാവും മുമ്പ് വഫിയ്യയിൽ കല്യാണം കഴിക്കാൻ പറ്റില്ല.* കുട്ടികളുടെ താൽപര്യപ്രകാരം കോളേജ് എടുത്ത നല്ല തീരുമാനം. ഈ നിയമം മുമ്പേ ഉണ്ടായിരുന്നങ്കിൽ കുറച്ച് പേർക്ക് കൂടി ഞങ്ങളുടെ ബാച്ചിൽ നിന്ന് സനദ് ലഭിച്ചേനെ.
വഫിയ്യയുടെ ശിൽപ്പി ഹക്കീം ഉസ്താദ് പറഞ്ഞത് എന്റെ അനിയത്തിമാരായ വഫിയ്യ കുട്ടികൾക്ക്  സമർപ്പിക്കട്ടെ: *"ആലോചനകൾ കൊണ്ട് വരുന്നത് അല്ലാഹു അല്ലേ?  കോഴ്സ് കഴിഞ്ഞാലും അവൻ നല്ല ആലോചനകൾ കൊണ്ട് വരില്ലേ?"*.പിന്നെന്തിന് ധൃതി കാണിക്കണം? രക്ഷിതാക്കൾ ചിന്തിക്കേണ്ട വാക്കുകൾ. എത്രയോ പേർ ആഗ്രഹിച്ച   സീറ്റാണ് നിങ്ങൾക്ക് കിട്ടുന്നത്.ഈ വർഷം 400 നടുത്ത സീറ്റുകളിലേക്ക് പരീക്ഷ എഴുതിയത് 1917 പേരാണ്.

*അഡ്മിഷനെടുക്കുന്ന 80%നത്തിലധികം പേരും അഞ്ച് വർഷ കോഴ്സ് പൂർത്തീകരിക്കുന്നതാണ് സന്തോഷം തരുന്ന പുതിയ ട്രെന്റ്*
വഫിയ്യ പുതിയ ജീവിതങ്ങൾ രൂപപ്പെടുത്തി.വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വന്നവർക്ക് ഒരു തരം *വഫിയ്യത* രൂപപ്പെട്ടു: ദീനി തർബിയത്തിൽ, പെരുമാറ്റത്തിൽ, ജീവിത ശീലങ്ങളിൽ...
ഈ സന്തോഷ വേളയിൽ ഒരുപാട് പേരെ ഓർക്കുന്നു.ഞങ്ങൾ ഒരുപാട് പേരോട്  കടപ്പെട്ടിരിക്കുന്നു: അഞ്ച് വർഷം ഉറപ്പിച്ച് നിർത്തിയ അല്ലാഹുവിനാണ് ആദ്യമായും അവസാനമായും സർവ്വ സ്തുതികൾ...
ശൂന്യതയിൽ നിന്ന് വഫിയ്യ യാഥാർത്ഥ്യമാക്കിയ മഹാനായ ഗുരുവര്യർ
*ഹകീം ഉസ്താദ്...*

ഞങ്ങളുടെ ഓരോരുത്തരുടെയും *മാതാപിതാക്കൾ,* സഹോദരീ സഹോദരൻമാർ, ഞങ്ങളുടെ ജ്ഞാന വഴിയിൽ ഒട്ടേറെ ത്യാഗം സഹിച്ചവരാണവർ.
മർക്കസിലെ സ്വാത്വികരായ ഉസ്താദുമാർ: *കുഞ്ഞാമു ഉസ്താദ് ,നെടുങ്ങോട്ടൂർ ഉസ്താദ് ,കൊടശ്ശേരി ഉസ്താദ് ,കുട്ടി ഉസ്താദ്, ദാരിമി ഉസ്താദ്*.
ജ്ഞാനത്തിന്റെ സൗന്ദര്യം തൊട്ടറിഞ്ഞ മഹാ പണ്ഡിത പ്രതിഭകളാണിവരെല്ലാം.

വഫിയ്യയിലെ ഞങ്ങളുടെ ടീച്ചർമാർ: *ആമിന ടീച്ചർ, റംല ടീച്ചർ അമ്പലക്കടവ്, സൽമ ടീച്ചർ, ആലിയ ടീച്ചർ, സൗദ ടീച്ചർ, റുബ ടീച്ചർ, അശ്വിനി ടീച്ചർ,*
രാപകൽ ഭേദമില്ലാത്തെ കൂടെ നിന്നവരാണിവർ...
അല്ലാഹുവിനെ പ്രണയിച്ച് അവനിലേക്ക് യാത്രയായ *റൈഹാനത്ത് ടീച്ചർ.*
ഇടക്കാലത്ത് വന്ന് പോയ വേറെയും ടീച്ചർമാർ... ജാഗ്രതയോടെ ഗെയിറ്റ് കാക്കുന്ന *ഹമീദാക്ക*, കാന്റീനിലെ *ഇത്തമാർ...*

ഒരാളെക്കൂടി പരാമർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാൻ കഴിയില്ല,വിശുദ്ധ ദീനിന്റെ വെട്ടം കണ്ട് കൗമാരത്തിൽ എല്ലാം വിട്ട് വന്നണഞ്ഞ *നാജിയാത്ത,* അവർ ഒരു ഓഫീസ് ഗേൾ എന്നതിനപ്പുറത്ത് ഞങ്ങൾക്ക് പലതുമായിരുന്നു.
ഞങ്ങൾ കാണുകയോ അറിയുകയോ ചെയ്യാത്ത, മതിലിനപ്പുറത്ത് നിന്ന് സമർപ്പിതരായി പ്രവർത്തിക്കുന്ന ഒട്ടേറെ പേർ...എല്ലാവരേയും നാഥൻ ഏറ്റെടുക്കട്ടെ ... സ്വർഗത്തിൻ വെച്ച് ഒരു *അർഹാം അസംബ്ലി* കൂടാൻ കാത്തിരിക്കാം.
പിന്നാക്കത്തിന്റെ ഭാരം ചുമക്കുന്ന ഉമ്മത്തിന് *വരക്കൽ മുല്ലക്കോയ തങ്ങൾ* അസ്തിവാരമിട്ട *സമസ്തയുടെ* തണലിൽ, *കണ്ണിയത്ത് ഉസ്താദും, ശംസുൽ ഉലമയും കെ.കെ.ഹസ്റത്തും* കാണിച്ച് തന്ന വഴിയിൽ പുതുചരിതം സൃഷ്ടിക്കാൻ നമുക്ക് പ്രവർത്തിക്കാം,പ്രാർത്ഥിക്കാം.
ജസീല വഫിയ്യ അമ്പലക്കണ്ടി
01-8-2017

1 comment:

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...