12 വർഷം മുമ്പാണ് ഇസ്‌ലാം എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്, അല്ല ഞാൻ ഇസ്ലാമിന്റെ ലോകത്തേക്ക് കടന്ന് വന്നത്. ഒരു വ്യാഴവട്ടം എന്നൊക്കെ നമ്മൾ പറയാറില്ലേ, അത്രയും കാലം കഴിഞ്ഞാണ് കേരളത്തിലെ പാരമ്പര്യ മുസ്ലിംകളുടെ ഒരു ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കുന്നത്.
കേരള ചരിത്രത്തിലെ ഒന്നാമത്തെ വാഫിയ സനദ് ദാന സമ്മേളനത്തിൽ പങ്കാളിയാക്കാൻ എനിക്ക് അവസരം ലഭിച്ചത് അപ്രതീക്ഷിതമായായിരുന്നു. ആ സ്ഥാപനത്തെ കുറിച്ചോ ആ സംവിധാനത്തെക്കുറിച്ചോ ഞാൻ അധികം കേട്ടിരുന്നില്ല.
അവിചാരിതമായ ചില സോഷ്യൽ മേഖലാ ചർച്ചകളിലൂടെയും അശ്വിനി റ്റീച്ചറുടെ പോസ്റ്റിലൂടെയുമാണ് ഞാൻ താമസിക്കുന്നതിന് ഏറെയൊന്നും അകലെയല്ലാതെ ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്നും വനിതാ സമ്മേളനം നടക്കുന്നതും അറിഞ്ഞത്.
മനസ്സിൽ ആരോടും പ്രത്യേക വിധേയത്വമോ വിദ്വേഷമോ ഇല്ലാത്തതിനാൽ ഏത് പ്ലാറ്റ്‌ഫോമിലും ഉള്ള ഇസ്‌ലാമിക സംരംഭത്തെയും തൊട്ടറിയാൻ ഒരു വെമ്പലുണ്ട്. അതെന്നെ എത്തിച്ചത് ഒരു മഹത്തായ സംരഭത്തിലേക്കാണ്
ചെറിയ പനി ഉണ്ടായിരുന്നെങ്കിലും അത് അവഗണിച്ച് സമ്മേളനത്തിൽ പങ്കാളിയാകാൻ തന്നെ തീരുമാനിച്ചു.അൽഹംദുലില്ലാഹ്.
വളാഞ്ചേരി മർക്കസ് എന്ന പ്രശസ്തമായ സ്ഥാപനത്തിലെ പെണ് കാമ്പസിൽ ഞാൻ പങ്കുകൊള്ളാൻ പോകുന്ന സംരംഭത്തെക്കുറിച്ച് അവ്യക്തമായ ചില സങ്കല്പങ്ങൾ മാത്രമേ മനസ്സിലുള്ളൂ.
മുമ്പൊരിക്കലും ഇത് പോലൊന്നിൽ സംബന്ധിച്ചിട്ടില്ല.എന്റെ പതിമൂന്ന് വർഷത്തെ ഇസ്‌ലാമിക് ജീവിതത്തിൽ ഞാൻ സുന്നി ഇതര സംവിധാനങ്ങളിലെ വനിതാ സംരംഭങ്ങളിലേ പങ്കെടുത്തിരുന്നുള്ളൂ.
അതിനാൽ തന്നെ എനിക്ക് അജ്ഞാതമായിരുന്ന ബഹുഭൂരിപക്ഷം വരുന്ന സുന്നീ സമൂഹത്തിലെ സ്ത്രീജനങ്ങളുടെ ദീനീ സംരംഭങ്ങളെ കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു,
മദ്രസാ വിദ്യാഭ്യാസം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് മാത്രം തളക്കപ്പെടുന്നു എന്ന് ഞാൻ ധരിച്ച അവരുടെ ഇസ്‌ലാമിൽ എനിക്ക് വേവലാതി ഉണ്ടായിരുന്നു,
അവരുടെ കഴിവുകൾ അടിച്ചമർത്തപ്പെടുന്നു, അവർക്ക് ദീനീ അവബോധം ലഭിക്കുന്നില്ല എന്നിത്യാദി യുള്ള എന്റെ മുൻവിധികളെ മാറ്റാനുതകുന്ന പല കാഴ്ച്ചകളും കാണും എന്ന് ഞാൻ വലുതായൊന്നും പ്രതീക്ഷിച്ചില്ല.
ചുറ്റുമതിലിനുള്ളിൽ വിശാലമായ വഫിയ്യ കാമ്പസ് എന്നെ സ്വാഗതം ചെയ്തു.
ഒരു വാഫി ഉസ്താദിനെ ബന്ധപ്പെട്ടായിരുന്നു ഞാൻ സമ്മേളന നഗരിയിൽ എത്തിയത്.
എന്നാൽ പുരുഷന്മാർക്ക് പ്രവേഷനമില്ലാത്തതിനാൽ അദ്ദേഹം ഫോണിൽ സമ്മേളന നഗറിയിലുള്ളവരെ ബന്ധപ്പെടുത്തി തന്നു.
ഞാൻ സ്റ്റേജിൽ നിന്ന് അകലെയായി പുറകിൽ ഒരു കസേരയിൽ സ്ഥാനം പിടിച്ചു. പ്രൗഢമായ വേദി വീക്ഷിച്ചു.
'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം വിപ്ലവകരമായ ഒരു ചുവടുവെപ്പിന്റെ ലോകമായിരുന്നു അത്.
കേരളത്തിലെ മുസ്ലിം വനിതകളുടെ ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ട ഒരു ദിവസത്തിലാണ് ഞാൻ അവിടെ എത്തിയത് എന്ന് ഞാൻ തിരിച്ചറിഞ്ഞു.
111 യുവ ആലിമത്തുകൾക്ക് സനദ് കൊടുക്കുന്ന ദിവസമായിരുന്നു അത്.
വേദിയിൽ നിരന്നിരിക്കുന്ന പാണക്കാടിന്റെ സയ്യിദത്തുമാർ,
എനിക്ക് തോന്നുന്നു അവരുടെ കുടുംബങ്ങളുടെ സംഗമങ്ങൾക്കല്ലാതെ ഇത്രയും സെയ്യിദത്തുമാർ ഒരു വേദി അലങ്കരിക്കുന്നത് ആദ്യമായായിരിക്കും.
എന്നെ തിരഞ്ഞു വന്ന് ഒരു സഹോദരി മുന്നോട്ടിരിക്കാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി, ഞങ്ങൾ മുന്നോട്ട് നടന്നപ്പോൾ മുന്നിൽ ഒഴിവുള്ള ഇടങ്ങളിൽ ഇരുത്താനാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ അവരെന്നെ വേദിയിലേക്കാണ് കൊണ്ടു പോയത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഒരു സൗഭാഗ്യമായി ഞാൻ കരുതി.
ചടങ്ങിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് സ്ത്രീകളുടെ സംഘാടന മികവാണ്. പുരുഷന്മാരുടെ യാതൊരു ഇടപെടലുമില്ലാതെ സ്ത്രീകൾ പൂർണമായും നിയന്ത്രണം ഏറ്റെടുത്ത ആ സമ്മേളന നഗരി എനിക്ക് നവ്യമായ അനുഭൂതിയാണ് പ്രധാനം ചെയ്തത്.
എത്ര മനോഹരമായാണ് അവർ സംഘാടനം നടത്തിയത്. സ്ത്രീ ജനങ്ങളിൽ ഉറങ്ങിക്കിടക്കുന്ന എത്രയെത്ര മികവുകളാണ് പുറത്ത് വരുന്നത്. ഇത്തരം ക്രിയാത്മക സംരംഭങ്ങൾ സ്വയം പര്യാപ്തത വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കുഞ് ആണ്കുട്ടികളായിരുന്നു ആകെയുള്ള പുരുഷ സാന്നിധ്യം .
ഉമ്മത്തിന്റെ അടിത്തറ ഉമ്മയുടെ മടിത്തട്ടാണ് എന്ന് ഓർമിപ്പിച്ചതോടൊപ്പം പെണ്ണിനെ ഉപഭോഗവസ്തുവാക്കിയ കമ്പോളവത്കരണത്തെ കുറിച്ചും വസ്ത്രസ്വാതന്ത്രത്തെ കുറിച്ചും മനോഹരമായി വാഫിയ സഹോദരി സംസാരിച്ചു.
എന്റെ മുൻവിധികൾ ആകെ മാറി, മനോഹരമായ ഭാഷയിൽ, കാമ്പുള്ള ആ സംസാരം, തുടർന്നുള്ള ഓരോ സംസാരവും എന്നെ ആദ്‌ഭുതപ്പെടുത്തി.
അടിച്ചമർത്തപ്പെടുന്നു എന്നും, കഴിവുകൾ പോഷിപ്പിക്കാതെ വീട്ടിലടക്കുന്നു എന്നും സമൂഹം വിധിയെഴുതിയ സുന്നീ പെണ് കുട്ടികളാണ്, അവരുടെ ശാന്തമായി എന്നാൽ തീവ്രമായി ഒഴുകുന്ന വാഗ്ദോരണികൾക്ക് മുന്നിലാണ് ഞാൻ,
ഇന്ന്
എല്ലാ സദസിലും സ്ത്രീപീഡനത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇവിടെ പുരുഷ പീഢനത്തെ കുറിച്ചാണ് അവിടെ സംസാരിച്ചത് എന്ന് തമാശയായിക്കുറിക്കട്ടെ, സ്ത്രീയുടെ സ്വത്വം വിളിച്ചറിയിക്കുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്ന്.
ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതപഠനത്തോടൊപ്പം ഉയർന്ന നിലവാരമുള്ള ഭൗതികപഠനവും ഒരു പോലെ മുന്നോട്ട് കൊണ്ടു പോകുന്നുവെന്നതാണ്.
അഞ്ച് വർഷത്തെ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒരു ഡിഗ്രിയും വാഫിയ സനദും കരസ്ഥമാക്കാൻ കഴിയും.
ആദ്യ കാലങ്ങളിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വിദ്യാര്ഥിനികളുടെ പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള വിവാഹങ്ങൾക്ക് വരെ നിയന്ത്രണമുണ്ട്.
സമ്മേളനത്തിന് ശേഷം കോളേജും ഹോസ്റ്റലും കാണാൻ പോയി.
നല്ല ഭംഗിയും വെടിപ്പും എല്ലാ ഭാഗവും കാണിച്ച് വിശദീകരിച്ച് തരാൻ 2 വിദ്യാർത്ഥിനികൾ എന്നോടൊപ്പമുണ്ടായിരുന്നു.
ഓരോ വിദ്യാർത്ഥിനിയുടെയും പെരുമാറ്റം ആ സ്ഥാപനത്തോടുള്ള എന്റ ബഹുമാനം വർദ്ധിപ്പിച്ചു.കൂടുതൽ കാഴ്ചപ്പാടുണ്ടാക്കാൻ സഹായിച്ചു.
പുതിയ തലമുറയിലെ മുസ്ലിം പണ്ഡിത വനിതകൾ സത്യത്തിൽ എന്നെ വിസ്മയിപ്പിച്ചു.
അവർ ശരിയായ ഉമ്മയുടെ മടിത്തട്ടിൽ തന്നെയാണ് എത്തിയത്.
എല്ലാവിധ സർഗാത്മകതയും പരിപോഷിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അവിടെയുള്ള ക്രമീകരണങ്ങൾ.
കലാ കയിക രംഗങ്ങളിൽ അവർ അവരുടേതായ ലോകം സൃഷ്ടിക്കുന്നു. പ്രസംഗവും ചർച്ചയും സംവാദവും ഓട്ടവും ചാട്ടവും ഗെയിംസും എഴുത്തും വായനയും പെണ്ണിടങ്ങൾ സജീവമാണ്.
എല്ലാ നിലയിലും അവർ കരുത്തുറ്റവരാണ്.
അറബി,ഉറുദു, ഇംഗ്ലീഷ്, ഭാഷകളും സുപ്രസിദ്ധമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളും കർമശാസ്ത്ര വിഷയങ്ങളും സ്വായത്തമാക്കുന്ന ശാസ്ത്രീയവും പ്രായോഗികവുമായ പാഠ്യ പദ്ധതി.
ഉന്നത നിലവാരമുള്ളവരാണ് പഠിതാക്കളും അധ്യാപികമാരും.
ഹോസ്റ്റലിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടെ ഒരു വാർഡൻ അഥവാ മെന്റർ എന്ന തസ്തിക യോ അങ്ങനെയൊരു ആളോ അവിടെയില്ല. ഓരോ അദ്ധ്യാപികമാരും ഓരോ വിദ്യാർത്ഥിനികളും പരസ്പ്പരം മെന്റർമാരാണ്. കുടുംബ ജീവിതത്തിൽ ചിട്ടയും കൃത്യതയും ആർജ്ജിക്കാൻ ഇത് സഹായകമാവും. ജീവിതഗന്ധിയായ ഒരു സംവിധാനമായി എനിക്കാനുഭവപ്പെട്ടു.
സർഗ്ഗാത്മകത തൊട്ടറിഞ്ഞത് അവരുടെ കൈയെഴുത്ത് മാഗസിൻ കണ്ടപ്പോഴാണ്.
ഞാൻ അത്ഭുതപ്പെട്ടു പോയി. അത്രയും മനോഹരമായിരുന്നു അതിലെ ഓരോ പേജുകളും. അതിന്റെ കവർ ഞാൻ ഫോട്ടോ എടുത്തു വെച്ചു. മനോഹരമായ അർത്ഥവത്തായ വരകളും വരികളും,
ആ മാഗസിനുകൾ കണ്ടപ്പോൾ ഞാനും അവിടെയൊരു വിദ്യാത്ഥിനിയായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി.
കോളേജ് ലൈബ്രറിയും ആകർഷണീയമാണ്. ഇംഗ്ളീഷ്, മലയാളം സാഹിത്യങ്ങൾ, മാഗസിനുകൾ, അറബി റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ തരം തിരിച്ചു വെച്ചിരിക്കുന്നു. നല്ല വായനാ ശീലമുള്ളവരാണ് കുട്ടികൾ, ഞാൻ എന്റെ ജീവിതം ചീന്തിയെഴുതിയ " സത്യത്തിലേക്ക് എന്റെ ജീവിത യാത്ര" എന്ന പുസ്തകം ഞാൻ ലൈബ്രറിയിൽ ഏല്പിച്ചു.
എൻട്രൻസ് എഴുതി മെറിറ്റിൽ പ്രവേശനം ലഭിക്കുന്നവർക്ക് വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാണ്.
മറ്റുള്ളവർക്ക് ചുരുങ്ങിയ ചെലവ് ഉണ്ട് എന്നാണറിഞ്ഞത്.
അവിടുത്തെ പ്രിന്സിപ്പാളിനോടൊത്താണ് ഭക്ഷണം കഴിച്ചത്, നല്ല രുചികരമായ ഭക്ഷണം, എന്നെ പറ്റി ഒന്നുമറിയാത്ത ആ കുട്ടികൾ നൽകിയ നല്ല പരിചരണം ഓർമ്മയിൽ തങ്ങി നിൽക്കും.
ജീവിതത്തിൽ ഒരിക്കലും കരുതാത്ത ഒരു സംരഭത്തിനും അവിടുത്തെ ഏറ്റവും അവിസ്മരണീയ മുഹൂർത്തത്തിനും സാക്ഷിയാവാൻ കഴിഞ്ഞു എന്നതിൽ വലിയ ചാരിതാർത്ഥ്യത്തോടെയും റബ്ബിനോട് നന്ദി യോടെയുമാണ് ഇനിയും വരാം എന്ന കരുതലോടെ പിരിഞ്ഞത്. അത്രയും ഹൃദ്യമായ ഒരു സ്ഥാപനമാണ് വഫിയ്യ...
അവരുടെ കഴിവുകൾ സമൂഹത്തിനൊരു മുതൽക്കൂട്ടാകണമെന്ന പ്രാർത്ഥനയോടെ
അസ്സ്മ നസ്റീൻ
No comments:
Post a Comment