Wednesday, May 17, 2017

മറക്കരുത്, അതിമഹത്തരമാണ് തഹജ്ജുദ് നിസ്‌കാരം‍

മറക്കരുത്, അതിമഹത്തരമാണ് തഹജ്ജുദ് നിസ്‌കാരം‍


'ഖിയാമുല്ലൈല്‍' എന്നും ഇതിന് പേരുണ്ട്. അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) പറയുന്നു:
''റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പ് മുഹര്‍റത്തിലേതാണ്. ഫര്‍ള് നിസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നിസ്‌കാരം രാത്രിയിലെ സുന്നത്ത് നിസ്‌കാരം അഥവാ തഹജ്ജുദാണ്'' (മുസ്ലിം, അബൂദാവൂദ്).


രാത്രി ഒന്നുറങ്ങി എഴുന്നേറ്റതിന് ശേഷമാണ് ഇതിന്റെ സമയമെന്നതുകൊണ്ട് തന്നെ രാത്രി തീരെ ഉറങ്ങാത്തവര്‍ക്ക് തഹജ്ജുദ് നിസ്‌കാരമില്ല. തഹജ്ജുദ് നിസ്‌കാരം ചുരുങ്ങിയത് രണ്ട് റക്അത്താണ്. കൂടിയാല്‍ എത്രയുമാവാം. ദിവസവും മുന്നൂറും അഞ്ഞൂറും റക്അത്ത് വീതം തഹജ്ജുദ് നിസ്‌കാരം നിര്‍വഹിച്ചവര്‍ മുന്‍ഗാമികളിലുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. ''ഉറക്കമൊഴിയുക' എന്നാണ് ''തഹജ്ജുദ്' എന്ന അറബി പദത്തിനര്‍ത്ഥം. വിശുദ്ധ ഖുര്‍ആനില്‍ പോലും പ്രത്യക്ഷമായും പരോക്ഷമായും ഈ നിസ്‌കാരത്തിന്റെ ശ്രേഷ്ഠതകള്‍ വിവരിച്ചതായി കാണാം. 
ഫജ്‌റ് വെളിവാകുന്നതോടെയാണ് തഹജ്ജുദ് നിസ്‌കാരത്തിന്റെ സമയം അവസാനിക്കുക. പതിവായി ചെയ്യല്‍ ഉത്തമമായ ഈ നിസ്‌കാരം, പിശാചില്‍ നിന്ന് നല്ലൊരു പരിച കൂടിയാണ്. അതുകൊണ്ടുതന്നെ പതിവാക്കി വരുന്നവന്‍ ഉപേക്ഷിക്കുന്നത് ദുര്‍ലക്ഷണമായി കണക്കാക്കപ്പെടും. രാത്രി നിസ്‌കാരം പതിവാക്കിയതിന്റെ ശേഷം അത് ഉപേക്ഷിക്കാനിടയായ ഒരാളെപ്പോലെ താങ്കള്‍ ആവരുതെന്ന് നബി(സ്വ) തങ്ങള്‍ സ്വഹാബിവര്യനായ അംറുബ്‌നുല്‍ ആസ്വ്(റ)നെ ഉപദേശിച്ചിട്ടുണ്ട്. ഉന്മേഷം ലഭിക്കാനും ഹൃദയ ശുദ്ധിക്കും വളരെ ഉത്തമമാണ് തഹജ്ജുദ് നിസ്‌കാരം.
അബൂഹുറൈറ(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞു: ''നിങ്ങളിലൊരാള്‍ ഉറങ്ങുമ്പോള്‍ പിശാച് വന്ന് പിരടിയില്‍ മൂന്ന് കെട്ടുകളിടും. എന്നിട്ടവന്‍ പറയും, നീണ്ട രാത്രി ഇനിയും ബാക്കിയുണ്ട്. സുഖമായി ഉറങ്ങിക്കോളൂ!''


''തല്‍സമയം ഉണര്‍ന്ന് അല്ലാഹുവിനെ സ്മരിച്ചാല്‍ ഒരു കെട്ട് അഴിഞ്ഞുപോവും. പിന്നീട് വുളൂ എടുക്കുമ്പോള്‍ രണ്ടാം കെട്ടും അഴിയും. അങ്ങനെയവന്‍ തഹജ്ജുദ് നിസ്‌കാരത്തിന് ഒരുങ്ങിയാല്‍ മൂന്നാമത്തെ കെട്ടും അഴിഞ്ഞ് പോകും. നേരം പുലരുമ്പോള്‍ അവന്‍ ഉന്മേഷവാനും ശുദ്ധ മനസ്‌കനുമായി കാണപ്പെടും. മേല്‍പ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കിലോ, അലസനായും ദുശിച്ച മനസ്സിനുടമയുമായാണവന്‍ പ്രഭാതം കാണുക!'' (ബുഖാരി, മുസ്ലിം).



ശുദ്ധിയോടെ ഉറങ്ങുക, അമിത ഭക്ഷണം വര്‍ജിക്കുക, നേരത്തെ ഉറങ്ങുക, അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക, ഉറങ്ങുമ്പോഴുള്ള സുന്നത്തുകള്‍ പാലിക്കുക, ദിക്‌റുകള്‍ വര്‍ധിപ്പിക്കുക ഇവയെല്ലാം തഹജ്ജുദ് നിസ്‌കാരത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. തഹജ്ജുദ് നിസ്‌കാരം പതിവാക്കല്‍ സുന്നത്തുള്ളതുപോലെ തഹജ്ജുദ് നിസ്‌കരിക്കുമെന്ന് പ്രതീക്ഷയുള്ളവരെ വിളിച്ചുണര്‍ത്തലും സുന്നത്തുണ്ട്. ഞാന്‍ തഹജ്ജുദിന് എഴുന്നേല്‍ക്കുമെന്ന് കരുതി ഉറങ്ങല്‍ പോലും സുന്നത്താണ്. നല്ല കാര്യം ചെയ്യണമെന്ന് കരുതുന്നത് പോലും നന്മയാണെന്നതാണതിന് കാരണം.
ഇബ്‌നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു: 

 ''ഒരാള്‍ ലളിതമായ ഭക്ഷണ പാനീയങ്ങള്‍ മാത്രം കഴിച്ച് രാത്രി നിസ്‌കാരം നിര്‍വഹിച്ചാല്‍ അവന് ചുറ്റും നിന്ന് സ്വര്‍ഗീയ സുന്ദരികള്‍ നൃത്തം ചെയ്യും; പുലരുവോളം'' (ത്വബ്‌റാനി).



തഹജ്ജുദ് നിസ്‌കാരത്തില്‍ ഏത് സൂറത്തും ഓതാമെങ്കിലും ആദ്യത്തെ രണ്ട് റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനയും സൂറത്തുല്‍ ഇഖ്‌ലാസും ഓതുന്നതാണ് നല്ലത്. വലിയ സൂറത്തുകള്‍ ഓതുന്നതും നിര്‍ത്തം ദീര്‍ഘിപ്പിക്കുന്നതും പ്രത്യേകം സുന്നത്താണ്. ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്ക് ക്രമപ്രകാരം ഓതിവരുന്നതാണ് ഉത്തമം.

തമീമുദ്ദാരി(റ), നബി(സ്വ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു.

''ഒരാള്‍ രാത്രി പത്ത് ആയത്തുകള്‍ ഓതി തഹജ്ജുദ് നിസ്‌കരിച്ചാല്‍ അവന് ഒരു കൂന്പാരം പ്രതിഫലമുണ്ട്. ഈ ലോകവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാള്‍ ഉത്തമമായിരിക്കും അത്.
ഖിയാമത്ത് നാളില്‍ അല്ലാഹു അവനോട് പറയും: ''നീ ഓതുക! ഓരോ ആയത്തിനനുസരിച്ചും ഓരോ പടികള്‍ കയറിക്കൊള്ളുക. ആയത്തുകള്‍ തീരുംവരെ ഇങ്ങനെ തുടരുക. അങ്ങനെ എത്ര ആയത്തോതി നിസ്‌കരിക്കുന്നുവോ അതിനനുസരിച്ച് അദ്ദേഹം ഉയര്‍ന്ന പദവിയിലെത്തിച്ചേരും'' (ത്വബ്‌റാനി).
അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം. നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു:


''പത്ത് ആയത്തുകള്‍ ഓതി ഒരാള്‍ തഹജ്ജുദ് നിസ്‌കരിച്ചാല്‍ അവന്‍ ഒരിക്കലും അശ്രദ്ധരില്‍ ഉള്‍പ്പെടില്ല. നൂറ് ആയത്തുകള്‍ ഓതി നിസ്‌കരിച്ചാല്‍ അവന്‍ ആബിദീങ്ങളില്‍ ഉള്‍പ്പെടും. ആയിരം ആയത്തുകള്‍ ഓതി നിസ്‌കരിച്ചാലോ അവന്റെ നാമം ഏറ്റവും ഉയര്‍ന്ന പ്രതിഫലക്കാരുടെ പട്ടികയില്‍ രേഖപ്പെടുത്തും!'' (അബൂദാവൂദ്, ഇബ്‌നു ഖുസൈമഃ)


ഏതൊരു പ്രവര്‍ത്തനത്തിനും ഇഖ്‌ലാസ് (ആത്മാര്‍ത്ഥത) അനുസരിച്ചാണ് അല്ലാഹു പ്രതിഫലം നല്‍കുക. രാത്രിയിലെ നിസ്‌കാരം ഒരു വ്യക്തിയുടെ ഇഖ്‌ലാസിന് തെളിവാണ്. അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിക്കുന്നവര്‍ക്കേ ആ സമയത്ത് എഴുന്നേല്‍ക്കാനാവൂ. രിയാഅ് അഥവാ ലോകമാന്യം ഭയപ്പെടാനില്ലാത്ത ആരാധനയാണ് തഹജ്ജുദ് നിസ്‌കാരമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.


അനസ്(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) തങ്ങള്‍ ഞങ്ങളോട് പറഞ്ഞു:
''എന്റെ ഈ പള്ളി (മസ്ജിദുന്നബവി)യില്‍ വെച്ചുള്ള നിസ്‌കാരം മറ്റു സ്ഥലങ്ങളിലെ പതിനായിരം നിസ്‌കാരത്തിന് തുല്യമാണ്. മക്കയിലെ മസ്ജിദുല്‍ ഹറാമിലുള്ള നിസ്‌കാരം ഒരു ലക്ഷം നിസ്‌കാരത്തിന് സമാനമാണ്. സമരമുഖത്ത് വെച്ചുള്ള നിസ്‌കാരം രണ്ടായിരം നിസ്‌കാരത്തിന് സമമാണ്. എന്നാല്‍ അതിനേക്കാളെല്ലാം പ്രതിഫലം ലഭിക്കുന്ന നിസ്‌കാരം അല്ലാഹുവിന്റെ തൃപ്തി മാത്രം ആഗ്രഹിച്ച് ഒരടിമ രാത്രിയില്‍ നിസ്‌കരിക്കുന്ന രണ്ട് റക്അത്ത് നിസ്‌കാരമാണ്'' (ഇബ്‌നു ഹിബ്ബാന്‍).
അലി(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു:
''തീര്‍ച്ചയായും സ്വര്‍ഗത്തില്‍ മനോഹരമായ ഒരു വൃക്ഷമുണ്ട്. അതിന്റെ താഴെയായി സ്വര്‍ണ നിര്‍മിതമായ ഒരു കുതിര നില്‍ക്കുന്നു. മുത്തും മാണിക്യവും കൊണ്ടാണതിന്റെ കടിഞ്ഞാണ്‍ നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണച്ചിറകുകളുള്ള പ്രസ്തുത കുതിരപ്പുറത്ത് ഒരുപറ്റം സ്വര്‍ഗവാസികള്‍ യഥേഷ്ടം പറന്ന് നടക്കും. അപ്പോള്‍ താഴെയുള്ളവര്‍ ചോദിക്കും:


''അല്ലാഹുവേ! ഇത്രയും വലിയ സ്ഥാനവും ബഹുമാനവും നിന്റെ ആ അടിമകള്‍ക്ക് ലഭിച്ചതെന്തുകൊണ്ടാണ്?''
അപ്പോഴവര്‍ക്ക് മറുപടി ലഭിക്കും:
''നിങ്ങള്‍ രാത്രി സുഖമായി ഉറങ്ങുമ്പോള്‍ അവര്‍ എഴുന്നേറ്റ് നിസ്‌കരിച്ചിരുന്നു. നിങ്ങള്‍ ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ അവര്‍ നോമ്പുകാരായിരുന്നു. നിങ്ങള്‍ പിശുക്ക് കാണിച്ചപ്പോള്‍ അവര്‍ നല്ല മാര്‍ഗത്തില്‍ ധനം ചെലവഴിച്ചിരുന്നു. നിങ്ങള്‍ ഭീരുത്വം കാണിച്ചപ്പോള്‍ അവര്‍ എന്റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തിയിരുന്നു'' (ഇബ്‌നു അബിദ്ദുന്‍യാ).
ആത്മാര്‍ത്ഥതയോടെ തഹജ്ജുദ് നിസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങള്‍ വളരെ വലുതാണ്. തൗറാത്തില്‍ വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങള്‍ക്ക് പുറമെ, തഹജ്ജുദ് നിസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകള്‍ക്ക് കയ്യും കണക്കുമില്ല.
അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു:


''നിശ്ചയം സ്വര്‍ഗത്തില്‍ ഒരു മണിമാളികയുണ്ട്. ഉള്ളില്‍നിന്ന് പുറത്തേക്കും പുറത്തുനിന്ന് ഉള്ളിലേക്കും കാണാവുന്നവിധം തിളക്കമുള്ളതാണത്.''
അബൂമാലിക് എന്ന സ്വഹാബി ചോദിച്ചു:
''അല്ലാഹുവിന്റെ ദൂതരേ! ആര്‍ക്കുള്ളതാണിത്?'' അവിടുന്ന് പറഞ്ഞു: ''ജനങ്ങളോട് നല്ല വാക്ക് പറയുകയും വിശന്നവര്‍ക്ക് ഭക്ഷണം നല്‍കുകയും ജനങ്ങള്‍ ഉറങ്ങവെ രാത്രി നിസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്ക്!'' (തിര്‍മുദി, ഇബ്‌നു ഹിബ്ബാന്‍).


അബൂഉബൈദ(റ) നിവേദനം. അബ്ദുല്ലാഹിബ്‌നു സലാം(റ) പറഞ്ഞു:

''തൗറാത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. ''രാത്രിയില്‍ തഹജ്ജുദ് നിസ്‌കാരം നിര്‍വഹിക്കുന്നവര്‍ക്ക് ഒരു കണ്ണും കാണാത്ത, ഒരി ചെവിയും കേള്‍ക്കാത്ത, ഒരാളും ചിന്തിച്ചിട്ട് പോലുമില്ലാത്ത, മാലാഖമാര്‍ പോലുമറിയാത്ത പ്രതിഫലങ്ങളും സൗകര്യങ്ങളുമാണ് നാളെ പരലോകത്ത് അല്ലാഹു തയ്യാര്‍ ചെയ്തിട്ടുള്ളത്'' (ഹാകിം).
അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനും ഹൃദയ ശുദ്ധി കൈവരിക്കാനും അത്യുത്തമമാണ് തഹജ്ജുദ്. ആത്മ സംസ്‌കരണത്തിനുള്ള അഞ്ച് മാര്‍ഗങ്ങളില്‍ മൂന്നാമത്തെ മാര്‍ഗമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) തന്റെ ഹിദായത്തുല്‍ അദ്കിയാഇല്‍ പരിചയപ്പെടുത്തുന്നത് ഖിയാമുല്ലൈല്‍ അഥവാ തഹജ്ജുദ് നിസ്‌കാരം പതിവാക്കുക എന്നതാണ്.


അംറുബ്‌നു അന്‍ബസ(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു:



''ഒരടിമ അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന സമയം രാത്രിയിലെ നിസ്‌കാരത്തിലാണ്. അതുകൊണ്ടു തന്നെ ആ സമയത്ത് അല്ലാഹുവിനെ സ്മരിക്കാന്‍ കഴിയുന്നിടത്തോളം സ്മരിക്കുക'' (തിര്‍മുദി)
സത്യവിശ്വാസിയുടെ ലക്ഷണങ്ങള്‍ വിവരിക്കുന്ന സ്ഥലങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വിവിധയിടങ്ങളില്‍ രാത്രിയിലെ നിസ്‌കാരം പരാമര്‍ശിച്ചിട്ടുണ്ട്. എന്റെ സമൂഹത്തിലെ ഏറ്റവും ഉത്തമരും ആദരണീയരും തഹജ്ജുദ് നിസ്‌കാരം പതിവാക്കുന്നവരാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്.
ഇബ്‌നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു:


''എന്റെ സമൂഹത്തിലെ ഏറ്റവും ആദരണീയര്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവരും രാത്രിയിലെ സുന്നത്ത് നിസ്‌കാരക്കാരുമാണ്'' (ബൈഹഖി, ഇബ്‌നു അബിദ്ദുന്‍യാ).


സഹ്ല്(റ) നിവേദനം. ഒരിക്കല്‍ ജിബ്രീല്‍(അ) തിരുനബി(സ്വ) തങ്ങളെ സന്ദര്‍ശിക്കാനെത്തി. കൂട്ടത്തില്‍ ഇങ്ങനെ പറഞ്ഞു:



''നബിയേ! താങ്കള്‍ ഇഷ്ടംപോലെ ജീവിക്കുക, കാരണം താങ്കളും മരണപ്പെടും. ഇഷ്ടമുള്ളതെല്ലാം പ്രവര്‍ത്തിക്കുക. അതിനെല്ലാം നാളെ പ്രതിഫലം നല്‍കപ്പെടും. ഇഷ്ടമുള്ളവരെ സ്‌നേഹിക്കുക. കാരണം അവരോടൊക്കെ താങ്കള്‍ വിടപറയും. പക്ഷെ, ഒരു കാര്യം താങ്കള്‍ മനസ്സിലാക്കുക. ഒരു സത്യവിശ്വാസിയുടെ പവിത്രത രാത്രി നിസ്‌കാരത്തിലാണ് നിലകൊള്ളുന്നത്. അവന്റെ അഭിമാനമാവട്ടെ, ജനങ്ങളെ ആശ്രയിക്കാതിരിക്കലാണ്'' (ത്വബ്‌റാനി).





രാത്രി നിസ്‌കാരം പതിവാക്കുന്നവരെ ഖിയാമത്ത് നാളില്‍ പ്രത്യേകം അല്ലാഹു പരിഗണിക്കും. അവര്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും.


അബ്ദുല്ലാഹിബ്‌നു സലാം(റ) പറയുന്നു:



''നബി(സ്വ) തങ്ങള്‍ മദീനയിലെത്തിയപ്പോള്‍ ജനങ്ങള്‍ മുഴുവനും നബി(സ്വ) തങ്ങളുടെയടുത്തേക്കോടിയടുത്തു. കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഞാന്‍ നബി(സ്വ)യുടെ മുഖം ശ്രദ്ധിച്ചു. സത്യസന്ധന്റെ എല്ലാ അടയാളങ്ങളുമുണ്ട്.



നബി(സ്വ) തങ്ങളില്‍ നിന്ന് ഞാനാദ്യമായി കേട്ട കാര്യം ഇതായിരുന്നു. അവിടുന്ന് പറഞ്ഞു:



''ഓ! ജനങ്ങളേ! നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, വിശക്കുന്നവന് ഭക്ഷണം നല്‍കുക, കുടുംബബന്ധം ചേര്‍ക്കുക. ജനങ്ങളെല്ലാം സുഖനിദ്രയിലാകവെ രാത്രി എഴുന്നേറ്റ് നിസ്‌കരിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് സമാധാനമായി സ്വര്‍ഗത്തില്‍ പ്രവേശിക്കാം'' (തിര്‍മുദി).


അസ്മാ(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറയുന്നു:

''പുനരുത്ഥാരണ നാളില്‍ ജനങ്ങളെയെല്ലാം ഒരിടത്ത് ഒരുമിച്ച് കൂട്ടപ്പെടും. അപ്പോള്‍ ഇങ്ങനെ വിളിച്ച് പറയപ്പെടും. ''ശയ്യകളില്‍ നിന്നെഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിക്കുന്നവരെവിടെ?'' അപ്പോള്‍ ഒരുപറ്റം ആളുകള്‍ മുന്നോട്ട് വരും. വളരെ കുറവായിരിക്കും അവര്‍. അങ്ങനെയവര്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. പിന്നീടാണ് മറ്റുള്ളവരെ വിചാരണക്കെടുക്കുക'' (ബൈഹഖി).
പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയം കൂടിയാണ് തഹജ്ജുദിന്റെ സമയം. ആ സമയത്ത് അല്ലാഹുവിനോട് ഐഹികമോ പാരത്രികമോ ആയ ഏത് കാര്യം ചോദിച്ചാലും അല്ലാഹു ഉത്തരം നല്‍കും. അല്ലാഹു അവനെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയുകയും ചെയ്യും. ജാബിര്‍(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു. തീര്‍ച്ചയായും രാത്രിയില്‍ ഒരു പ്രത്യേക സമയമുണ്ട്. ആ സമയത്ത് ഒരു മുസ്ലിം അല്ലാഹുവിനോട് എന്ത് ചോദിച്ചാലും (ദുന്‍യാവിലേതായാലും ആഖിറത്തിലേതായാലും) അല്ലാഹു നല്‍കാതിരിക്കില്ല. എല്ലാ രാത്രിയിലും ആ സമയമുണ്ട്'' (മുസ്ലിം).
അതോടൊപ്പം, പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെടുന്ന സമയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അഞ്ച് ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷവും രാത്രിയുടെ ഉള്ളിലും എന്നായിരുന്നു നബി(സ്വ) തങ്ങളുടെ മറുപടി.
ഇബ്‌നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു നബിവചനം ഇപ്രകാരമാണ്.

''രണ്ട് വ്യക്തികളുടെ കാര്യത്തില്‍ അല്ലാഹു അത്ഭുതപ്പെടും. കൊടും തണുപ്പുള്ള രാത്രിയില്‍ എഴുന്നേറ്റ് വുളൂ ചെയ്ത് നിസ്‌കാരത്തിന് നില്‍ക്കുന്നവനാണൊരാള്‍. അവനെ കാണുമ്പോള്‍ അല്ലാഹു മലക്കുകളോട് അഭിമാനം പറയും. ''മലക്കുകളേ! എന്റെ അടിമയെക്കണ്ടില്ലേ? തന്റെ വിരിപ്പും പുതപ്പും ഭാര്യയെയുമെല്ലാം വിട്ടകന്ന് എന്റെ പ്രതിഫലം മോഹിച്ച് നിസ്‌കരിക്കുന്നത്. തീര്‍ച്ചയായും അവന്‍ ചോദിച്ചതെല്ലാം ഞാന്‍ നല്‍കും. അവന്‍ ഭയപ്പെടുന്നതില്‍ നിന്നെല്ലാം ഞാനവനെ നിര്‍ഭയനാക്കും'' (അഹ്മദ്, ത്വബ്‌റാനി).


ഇവക്കെല്ലാം പുറമെ രോഗങ്ങള്‍ തടയാനും ദോഷങ്ങള്‍ പൊറുക്കാനും നല്ലൊരു മാര്‍ഗം കൂടിയാണ് തഹജ്ജുദ് നിസ്‌കാരം.



സല്‍മാന്‍(റ) നിവേദനം. നബി(സ്വ) തങ്ങള്‍ പറഞ്ഞു:

'നിങ്ങള്‍ തഹജ്ജുദ് നിസ്‌കാരം പതിവാക്കുക. കാരണം നിങ്ങള്‍ക്ക് മുമ്പുള്ള സജ്ജനങ്ങളുടെ നടപടിയാണത്. അതോടൊപ്പം രക്ഷിതാവായ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതും ദോഷങ്ങള്‍ പൊറുപ്പിക്കുന്നതും കുറ്റകൃത്യങ്ങള്‍ തടയുന്നതും ശരീരത്തില്‍ നിന്ന് രോഗങ്ങളെ ആട്ടിയകറ്റുന്നതുമാണ്'' (ത്വബ്‌റാനി, അഹ്മദ്).



ദമ്പതികള്‍ ഒരുമിച്ച് തഹജ്ജുദ് നിസ്‌കരിക്കുന്നതിനും ഏറെ പുണ്യമുണ്ട്. അങ്ങനെ നിസ്‌കരിക്കുന്നവരുടെ കുടുംബജീവിതത്തില്‍ ഐ്വര്യമുണ്ടാവുമെന്നും സന്താനങ്ങള്‍ സ്വാലിഹീങ്ങളാകുമെന്നും അവര്‍പോലും വിചാരിക്കാത്ത ഭാഗത്തിലൂടെ അവര്‍ക്ക് വേണ്ടതെല്ലാം ലഭിക്കുമെന്നും പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വിശിഷ്ട അടിമകളില്‍ അത്തരം ദമ്പതികളെ മലക്കുകള്‍ രേഖപ്പെടുത്തുമെന്നും ഹദീസില്‍ കാണാം.
അബൂമാലികില്‍ അശ്അരി(റ) നിവേദനം: നബി(സ്വ) തങ്ങള്‍ പറഞ്ഞതായി ഞാനോര്‍ക്കുന്നു.


''ദമ്പതികള്‍ രണ്ടുപേരും ഒരുമിച്ച് എഴുന്നേറ്റ് തഹജ്ജുദ് നിസ്‌കരിക്കുകയും ദിക്ര് ചൊല്ലിക്കൊണ്ടിരിക്കുകയും ചെയ്താല്‍ അവര്‍ രണ്ടുപേരുടെയും എല്ലാ ദോഷങ്ങളും അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. ദിക്ര് ചൊല്ലുന്നവരില്‍ അല്ലാഹു അവരെ ഉള്‍പ്പെടുത്തുകയും ചെയ്യും'' (ത്വബ്‌റാനി)


Wednesday, May 10, 2017

ബറാഅത്ത് നോമ്പും മൂന്നു യാസീനും

ലോക മുസ്ലിംകള്‍ക്ക് സുപരിചിതമായ ദിനമാണ് ബറാഅത്ത് രാവ് അഥവ ശഅബാന്‍ 15. മനുഷ്യന്റെ ഒരു വര്‍ഷത്തെ എല്ലാ കാര്യങ്ങളെയും തീരുമാനിക്കുന്നത് ഈ രാത്രിയിലാണ്. ഈ രാത്രിയെ ആരാധനകളാലും പ്രാര്‍ത്ഥനകളാലും ധന്യമാക്കേണ്ടതുണ്ട്.

ആയിശ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം..ശഅബാന്‍ 15 ന്റെ മഹത്വം അറിയുമോ എന്ന് നബി(സ)ചോദിച്ചപ്പോള്‍.. എന്താണാ ദിവസത്തിന്റെ പ്രത്യേകത എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു അപ്പോള്‍ നബി(സ)പറഞ്ഞു..ഈ വര്‍ഷം ജനിക്കുന്നവരെയും  മരിക്കുന്നവരെയും  രേഖപ്പെടുത്തി വെക്കുന്നതും കര്‍മ്മങ്ങളെ ഉയര്‍ത്തപ്പെടുന്നതും ഭക്ഷണങ്ങളെ ഇറക്കുമതി ചെയ്യുന്നതും ഈ രാത്രിയിലാണു (മിശ്കാത്ത്)

ഈ ദിവസത്തില്‍ നോമ്പ്
അനുഷ്ടിക്കല്‍ ഇസ്ലാമിക പ്രമാണങ്ങളാല്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. അലി(റ)ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ കാണാം'
നബി(സ)പറഞ്ഞു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകയും പകലില്‍ നോമ്പ് എടുക്കുകയും ചെയ്യുക (ഇബ്‌നു മാജ)

പ്രാര്‍ത്ഥനകള്‍ക്ക് പ്രാധാന്യം നല്‍കേണ്ട രാത്രിയാണു ശഅബാന്‍ 15. *'ബഹു ദൈവ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് മുഴുവന്‍ ദോശങ്ങളും പൊറുത്ത് കൊടുക്കുമെന്ന് ഹദീസില്‍ കാണാം....*

നബി(സ) ഒരു ശഅബാന്‍ രാത്രിയില്‍ ജന്നതുല്‍ ബഖീഇല്‍ പോയി പ്രാര്‍ത്ഥന നടത്തിയ സംഭവം ആയിശ(റ)പറയുന്നതായി മിശ്കാത്ത് എന്ന ഗ്രന്ഥത്തില്‍ കാണാ....
ഉമറുബ്‌നുല്‍ ഖത്വാബ്, ഇബ്‌നു മസ്ഊദ് തുടങ്ങിയ ഒരു പാട് മുന്‍ഗാമികള്‍ ഈ ദിവസത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താറുണ്ടെന്ന് അല്ലാമ അലിയ്യുല്‍ ഖാരി മിര്‍ഖാത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്...

ദുആ സ്വീകരിക്കപ്പെടുന്ന അഞ്ച് രാത്രികളില്‍ ഇമാം ശാഫിഈ (റ) അവിടുത്തെ കിതാബുല്‍ ഉമ്മില്‍ ബറാഅത്ത് രാത്രിയെയും ഉള്‍പെടുത്തിയത് കാണാം......

ബറാഅത്ത് രാവ് മഗ്രിബിന്ന് ശേഷം ആയുസ്സില്‍ ബറകത്ത് ഉണ്ടാവാനും, ഭക്ഷണത്തില്‍ വിശാലത ഉണ്ടാവാനും, അവസാനം സല്‍മരണം ഉണ്ടാവാനും മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യലും സര്‍വ്വ സാധാരണമാണ്...

പ്രമാണ പിന്‍ബലത്തോടെ ആചരിച്ച് വരുന്ന ഈ അനുഷ്ടാനം ജീവിതത്തെ സമ്പുഷ്ടമാക്കാന്‍ സഹായിക്കും...


കേരളത്തില്‍ ബറാഅത്ത് രാവ് 11/05/17 വ്യാഴം അസ്തമിച്ച വെള്ളിയാഴ്ച രാത്രിയും, ബറാഅത്ത് നോമ്പ് 12/05/17 വെള്ളിയാഴ്ചയും ആണ്...

ബറാഅത്ത് രാവില്‍ മഗ്രിബ് ഇശാഇന്നിടയില്‍ മൂന്ന് യാസീന്‍, ഒരു സൂറത്തു ദുഖാന്‍ എന്നിവ പാരായണം ചെയ്യുക,

Sunday, May 7, 2017

NAMIC TV: أساليب الدعوة PDF download

NAMIC TV: أساليب الدعوة PDF download: أساليب الدعوة PDF download click here

സൗഹൃദത്തിന്റെ മലയാള പരിസരം

കാഫിറുകളോടു യുദ്ധംചെയ്യാന്‍ ആവശ്യപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ തീവ്രവാദത്തിന്റെ ആഹ്വാനമാണെന്നും കേരളത്തില്‍ തീവ്രവാദത്തിന് ജിഹാദിന്റെ പരിവേഷം നല്‍കിയത് അവിടംമുതലാണെന്നുമുള്ള വാദം ചിലര്‍ ഉയര്‍ത്താറുണ്ട്. ഒ.വി ഉഷയുടെ ഒരു നിരീക്ഷണമുണ്ടിവിടെ. 
അങ്ങനെയാണെങ്കില്‍ സാമൂതിരിയെയാണു തുഹ്ഫ ശത്രുവായി കാണേണ്ടത്. ഹിന്ദുക്കളെല്ലാം കാഫിറുകളാണെന്നും അവരെ കൊല്ലുന്നതു ജിഹാദാണെന്നും സങ്കല്‍പിച്ചാണു തുഹ്ഫയെ തീവ്രവാദഗ്രന്ഥമായി കാണുന്നത്. കാഫിറുകളെ വധിക്കുന്നതിനെ ജിഹാദായി ഗണിക്കപ്പെടുന്നുണ്ട്. സാമൂതിരി മഹാരാജാവിന്റെ ഭരണത്തെ അട്ടിമറിച്ച് അധിനിവേശം നടത്താന്‍ കടല്‍ കടന്നെത്തിയ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ നായര്‍പടയാളികളുടെ കൂടെനിന്നു യുദ്ധംചെയ്യാന്‍ മാപ്പിളപടയാളികളെ സജ്ജമാക്കുകയാണു തുഹ്ഫ.

കാഫിറെന്നാല്‍ അമുസ്‌ലിമാണെന്ന ധാരണയെ തുഹ്ഫ പൊളിച്ചെഴുതുകയാണ്. ഇസ്‌ലാം അല്ലെങ്കില്‍ ജാഹിലിയ്യത്ത്, ജാഹിലിയ്യത്തിനെതിരെ ജിഹാദ് എന്ന മൗദൂദിയന്‍ സങ്കല്‍പത്തെ തുഹ്ഫ അംഗീകരിക്കുന്നില്ല. പോര്‍ച്ചുഗീസുകാര്‍ അഹ്‌ലു കിതാബാണ്. എന്നിട്ടും ബഹുദൈവവിശ്വാസിയായ സാമൂതിരിയെയാണു തുഹ്ഫ പിന്തുണച്ചത്.
യൂറോപ്യന്‍, അമേരിക്കന്‍ മതേതരത്വം മതരഹിതമാണ്. മതമൂല്യങ്ങളില്ലാത്ത സംസ്‌കാരത്തില്‍ മതകീയപ്പേരുകള്‍ സങ്കരമാകുന്നതിനെ സൗഹൃദമെന്നു പേരിടുന്നതു നിരര്‍ത്ഥകമാണ്. മതമില്ലാത്തവരുടെ സഹകരണം മതസൗഹൃദമല്ല. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു വേദിയിലിരുന്നാല്‍ മുസ്‌ലിം ഹിന്ദു ഐക്യമായെന്ന ബോധം അബദ്ധമാണ്. അതില്‍ മതത്തിന് ഒരു പങ്കുമില്ല. സൗഹൃദത്തിന്റെ അടിത്തറയ്ക്കു കേരളം നല്‍കിയ റോള്‍ മോഡലുണ്ട്. മമ്പുറം തങ്ങളും കോന്തുനായരും ഒരുമിക്കുന്നിടം, മങ്ങാട്ടച്ചന്റെ ചോദ്യം കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പൂരിപ്പിക്കുന്ന മലായാളപരിസരം, സാമൂതിരിയുടെ അധികാരസംരക്ഷണത്തിനു പടനയിച്ചു രക്തസാക്ഷിയാകുന്ന കുഞ്ഞാലിമരയ്ക്കാരുടെ ഓര്‍മയുറങ്ങുന്ന കടല്‍കാറ്റ്.
ഹിന്ദു അധികാരത്തില്‍ മുസ്‌ലിംകള്‍ക്കു നേതാവായി ഷാ-ബന്ദര്‍ കോയ എന്ന സ്ഥാനപ്പേരില്‍ അധികാരിയെ വച്ചിരുന്നു. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് വാണിജ്യം നടത്താന്‍ ഉത്തരേന്ത്യയിലേയ്ക്കു പോക്കുവരവിന് എട്ടുമാസം കാലതാമസം വന്നിടത്ത് അറേബ്യയുമായി കയറ്റിറക്ക് നടത്താന്‍ 40 നാള്‍ മാത്രം മതിയാകുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്‌കാരത്തേക്കാള്‍ മലയാളിഹിന്ദു അടുത്തറിഞ്ഞത് അറേബ്യന്‍ മുസ്‌ലിമിനെയാണ്.
സൈനുദ്ദീന്‍ മഖദൂം (റ) തുഹ്ഫയില്‍ മൂന്നു സ്ഥലത്തു ബഹുദൈവാരാധകനായ സാമൂതിരിക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചതായി രേഖപ്പെടുത്തുന്നുണ്ട്. 1). സാമൂതിരിയും സൈന്യവും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുരക്ഷതമായി കോഴിക്കോട്ടെത്തി (തുഹ്ഫ 64). 2) അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാമൂതിരി പോര്‍ച്ചുഗീസുകാരുടെ ചതിയില്‍പെടാതെ രക്ഷപ്പെട്ടു (71) 3. വെളിയങ്കോടിന്റെ തെക്ക്ഭാഗത്ത് പറങ്കികളുടെ കപ്പല്‍ ശക്തമായ കാറ്റില്‍പെട്ട് തകര്‍ന്നത് സാമൂതിരിയോട് അല്ലാഹു കാണിച്ച അനുഗ്രഹമാണ് (75). ഇതേ കുറിച്ച് വി.സി ശ്രീജന്‍ പറയുന്നു. യഹൂദരല്ലാത്തവരെ യഹോവയോ നസറാണിയല്ലാത്തവരെ യേശുവോ അനുഗ്രഹിച്ചിട്ടില്ല. അല്ലാഹു സാമൂതിരിയെ അനുഗ്രഹിക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്‍മാരെ സമ്മതിക്കൂ- മുസ്‌ലിംകള്‍ മതംമാറ്റം പ്രോത്സാഹിപ്പിക്കുന്നു എന്നത് ഒരു അപരാധമായി ചിലര്‍ പറയാറുണ്ട്. ഇസ്‌ലാമാക്കുന്നത് തീവ്രവാദമല്ല. തന്റെ മതത്തിലേക്ക് ചേര്‍ക്കുന്നതും തന്റെ ജാതിയില്‍ മറ്റാരും ചേരേണ്ട എന്ന് പറയുന്നതും രണ്ടാണ്. തുഹ്ഫ ജാതീയതക്ക് എതിരായിരുന്നു. ശ്രീജന്റെ വാക്കുകളില്‍ നിരാസത്തിന്റെ ധ്വനിയുണ്ട്.

ഹിന്ദു ജനവിഭാഗങ്ങള്‍ക്ക് മുസ് ലിംകള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ടായിരുന്നു. രാജ്യത്തിന്റെ പുരോഗതിയും സുരക്ഷിതത്വവും മുസ് ലിംകള്‍ക്കിടയിലൂടെയാണ് ഹൈന്ദവരാജാക്കന്മാര്‍ ഉറപ്പുവരുത്തിയത്. സാമൂതിരിയുടെ ഭരണപ്രദേശത്ത് വിദേശ വസ്തുക്കള്‍ എത്തിച്ചതും ഇവിടത്തെ നാണ്യം വിദേശങ്ങളില്‍ എത്തിച്ചതും അറബികളും മുസ ്‌ലിംങ്ങളുമാണ്. എം.ജി.എസ് നാരായണന്‍ എഴുതുന്നു. വാസ്തവത്തില്‍ പരന്നു കിടക്കുന്ന ഇസ് ലാമിക സാമ്രാജ്യത്തിലെ സമുദ്രവ്യാപാര ശൃംഘലയുടെ നടുക്കണ്ണി എന്ന പദവിയാണ് കോഴിക്കോടിനെ ഒരു അന്താരാഷ്ട്ര വ്യാപാര കേന്ദ്രമായി വളര്‍ത്തിയതും ഈ രാജ്യത്തെ കേരളത്തില്‍ വേണാട് ഒഴിച്ചെല്ലാ രാജ്യങ്ങളും ഭയപ്പെടുന്ന വന്‍ശക്തിയാക്കി മാറ്റിയതും എന്ന് പറയാം. സാമൂതിരിയുടെ പടത്തലവരായി കുഞ്ഞാലി മരക്കാര്‍ നിലയുറപ്പിച്ചു. കുഞ്ഞാലിമരക്കാര്‍ നാലാമന്റെ ഘട്ടത്തില്‍ സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്ക് പിന്തുണ നല്‍കിയ ഘട്ടമുണ്ടായിരുന്നു. ആ ചതിയില്‍ പോലും കുഞ്ഞാലി മരക്കാര്‍ സാമൂതിരിയെ തള്ളിയില്ല. പോര്‍ച്ചുഗീസിന് ആവശ്യം സാമൂതിരിയെയല്ല, കുഞ്ഞാലിയെയാണ്. കുഞ്ഞാലിമരക്കാരെ സ്വന്തമാക്കി സാമൂതിരിയുടെ അധികാരം പിടിച്ചെടുക്കുക. സാമൂതിരിയെ സ്വന്തമാക്കി കുഞ്ഞാലിയെ കീഴ്‌പ്പെടുത്തേണ്ട ആവശ്യം പോര്‍ച്ചുഗീസിനില്ല. അധികാരം കുഞ്ഞാലിയിലല്ല, സാമൂതിരിയിലാണ്. കുഞ്ഞാലിയെ വശത്താക്കാന്‍ കഴിയില്ലെന്ന് കണ്ടപ്പോഴാണ് സാമൂതിരിയെ വശത്താക്കാന്‍ പോര്‍ച്ചുഗീസ് കുതന്ത്രത്തിനായത്. ചതിയില്‍ പെട്ടിട്ടുപോലും പോര്‍ച്ചുഗീസിന് കീഴടങ്ങാന്‍ കുഞ്ഞാലി തയാറാവാതെ ഒടുക്കം സാമൂതിരിയുടെ മുന്‍പില്‍ കീഴടങ്ങിക്കോളാം എന്നാണ് കുഞ്ഞാലിമരക്കാര്‍ സമ്മതിച്ചത്. അവസാനം വരെ ഹിന്ദു ഭരണാധികാരിയുടെ കൂടെ നിന്ന മുസ്‌ലിം പടയാളി.
സാമൂതിരിക്ക് വേണ്ടി പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്യാന്‍ നായര്‍ പടയാളികളുടെ കൂടെ ചേരാന്‍ സൈനുദ്ധീന്‍ മഖ്ദൂം തുഹ്ഫയിലൂടെ മാപ്പിള പടയാളികളോട് നിര്‍ദേശിക്കുന്നുണ്ട്. അത് ജിഹാദാണ്. മരിച്ചാല്‍ ശഹീദാണ്. മുസ് ലിംകളോട് സ്വന്തമായി ജിഹാദ് നടത്തുന്നതിന് പകരം ഹിന്ദു പടയാളികളോട് ചേര്‍ന്ന് നിന്ന് പടവെട്ടാനാണ് തുഹ്ഫ കല്‍പ്പിക്കുന്നത്. അതിനെ ജിഹാദും ശഹീദുമായി സമര്‍പ്പിക്കുന്നു.
അറബി രാജാക്കന്മാരേക്കാള്‍ സാമൂതിരിയോടാണ് മുസ്‌ലിംകള്‍ക്ക് കടപ്പാടുണ്ടായിരുന്നത്.

ചാലിയം കോട്ട പിടിച്ചടക്കിയ സാമൂതിരിയെ വാഴ്ത്തി ഖാസീ മുഹമ്മദ് (റ) രചിച്ച ഫത്ഹുല്‍ മുബീന്‍ എന്ന കാവ്യം അറബിയിലാണ്. ( അദേഹം തന്നെ രചിച്ച മുഹ്‌യുദ്ധീന്‍ മാല അറബി മലയാളത്തിലാണ്. അത് മലയാളിക്ക് വേണ്ടിയാണ്) ഫത്ഹുല്‍ മുബീന്‍ അറബി മലയാളത്തിലെഴുതാതെ അറബിയില്‍ എഴുതാനുള്ള കാരണം കോഴിക്കോട്ടെ മുസ് ലിംകള്‍ക്ക് അറബി രാജാക്കന്മാരില്‍ നിന്ന് ലഭിക്കാത്ത സഹായവും പിന്തുണയും സാമൂതിരിയില്‍ നിന്ന് ലഭിച്ചതും അതിന് മുസ് ലിംകള്‍ സാമൂതിരിയോട് കടപ്പെട്ടതും അറബ് ലോകം അറിയാനാണ് കാവ്യം അറബിയിലാക്കിയത്. കുറച്ചൊക്കെ പ്രധിഷേധത്തിന്റെ സൂചനയും ആ രചനക്കുണ്ട്. സാമൂതിരിയെ പ്രീതിപ്പെടുത്തി സമ്മാനം നേടലായിരുന്നു ഖാസി മുഹമ്മദ് (റ) വിന്റെ ഉദ്ദേശമെങ്കില്‍ നാലു നൂറ്റാണ്ട് പിന്നിട്ടിട്ടും മലയാള സാഹിത്യത്തില്‍ പകരം വെക്കാനില്ലാത്ത കാവ്യമായ മുഹ്‌യിദ്ദീന്‍ മാല രചിച്ച അദേഹത്തിന് സാമൂതിരിമഹാത്മ്യം മലയാളത്തില്‍ എഴുതാമായിരുന്നു. മറിച്ച് ഉദ്ദേശം അറബികളെ ബോധ്യപ്പെടുത്തുകയായിരുന്നു. അന്യ നാട്ടുകാരനായ സുല്‍ത്താന്‍ അലി ആദില്‍ശക്കാണ് അത് സമര്‍പ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
സാമൂതിരിയുടെ പടത്തലവനായ കുഞ്ഞാലി മരക്കാരുടെ സൈന്യത്തിലെ മത ജാതി ഐക്യത്തെ കെ.പി കേശവമേനോന്‍ പുകഴ്ത്തുന്നുണ്ട്. തൊട്ട് കൂടായ്മയും ചാതുര്‍ വര്‍ണ്യവും നിറഞ്ഞാടുന്ന കാലത്താണ് കുഞ്ഞാലി മരക്കാരുടെ പടയില്‍ ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും നിലയുറപ്പിച്ചത്. സാമൂതിരി ഹിന്ദു മുസ് ലിം ഐക്യത്തെയും കുഞ്ഞാലിമരക്കാര്‍ സവര്‍ണ- അവര്‍ണ ജാതി ഐക്യത്തില്‍ പ്രചോദനമേകി. സാമൂതിരിയെ മുസ് ലിംകളുടെ അമീറായി തുഹ്ഫ അവതരിപ്പിക്കുന്നുണ്ട്.
മതം രാഷ്ട്ര പ്രക്രിയയില്‍ ഇടപെടുന്നതാണ് തുഹ്ഫയില്‍ കാണുന്നത്. സാമൂഹ്യ പ്രശ്‌നങ്ങളും രാഷ്ട്രീയ വര്‍ത്തമാനങ്ങളിലും ഞങ്ങള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന് മതത്തിന് അവിടെ റോളൊന്നുമില്ലെന്ന വാദം തുഹ്ഫ നിരാകരിക്കുകയാണ്. മതത്തിന്റെ മൗലികതയെ വാദിക്കുന്നവര്‍ക്ക് സാമ്രാജിത്വ അധിനിവേശ വിരോധിയോ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടലുകളോ ആവില്ലന്നും ആയിക്കൂടെന്നുമുള്ള സങ്കല്‍പത്തെ തുഹ്ഫ പൊളിച്ചെഴുതുന്നുണ്ട്. മത വിശ്വാസത്തിന്റെയും മതാനുഷ്ഠാനത്തിന്റെയും കരുത്തിലാണിത്. പോര്‍ച്ചുഗീസ് വിരോധവും രാഷ്ട്ര ബോധവും ജാതി വിരുദ്ധതയുമാണ് തുഹ്ഫ നിര്‍മിക്കുന്നത്. മത രഹിത സാമൂഹികതയെയല്ല, മത സഹിത സാമൂഹികതയെയാണ് തുഹ്ഫ ഉയര്‍ത്തിക്കാട്ടിയത്. ചരിത്ര ഗ്രന്ഥം കൂടിയാണ് തുഹ്ഫ. കേരളത്തിലെ ആദ്യത്തെ ചരിത്ര ഗ്രന്ഥം തുഹ്ഫയാണ്. ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാര്‍ ഇതര രാജ്യങ്ങളിലെ ചരിത്രം പഠിക്കാത്തതില്‍ ഡോ. എം.ജി.എസ് നാരായണന്‍ പരിതപിക്കുന്നുണ്ട്. എം.ജി.എസ് പറയുന്നു : ഹിന്ദു രാജാക്കന്മാര്‍ ഇതര രാജ്യങ്ങളെ പഠിച്ചില്ല. അല്‍ ബിറൂദിയെ പോലുള്ളവര്‍ ഹിന്ദു മതത്തെ പഠിച്ച പോലെ ബ്രാഹ്മണര്‍ പഠിച്ചിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു. യഥാര്‍ത്ഥത്തില്‍ വേലായുധന്‍ പണിക്കശ്ശേരിയുടെ കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ എന്നൊരു ഗ്രന്ഥം തുഹ്ഫയുടെ തര്‍ജ്ജുമയാണ്. വിദേശിക്കെതിരെ നാട്ടു രാജാവിനെ രക്ഷിക്കാന്‍ ആയുധമേന്താന്‍ പ്രേരിപ്പിക്കുകയാണ് തുഹ്ഫയുടെ ലക്ഷ്യമെങ്കിലും ഒരു നിഷ്പക്ഷ കേരള ചരിത്രം നമുക്ക് കിട്ടി. ഉള്ളത് അതേപടി ശൈഖ് പറഞ്ഞു തന്നു. ലോഗന്‍ – മലബാര്‍ മാന്വലില്‍ പറയുന്നു സാമുദായിക പക്ഷം ചേരല്‍ തുഹ്ഫയിലില്ല. മുസ് ലിംകളിലെ തന്നെ ജീര്‍ണ്ണതകളെയും ദോഷങ്ങളെയും കണക്കിന് ശാശിക്കുന്നുമുണ്ട്. സൈനുദ്ധീന്‍ മഖ്ദൂം നിര്‍വഹിച്ചത് സാമൂഹ്യ പശ്ചാത്തലം പഠിച്ച ഒരു പണ്ഢിതന്റെ ധര്‍മ്മമാണ്. ചരിത്രം പറയുകയല്ല. ആളുകളെ ഇടപെടീക്കുകയാണ്. കൂട്ടത്തില്‍ ചരിത്രം ലഭ്യമാക്കുന്നു എന്നു മാത്രം. ഇന്നത് നടന്നു എന്ന് പറയുന്നതിന് പകരം ഇന്നതില്‍ ഇന്നത് സംഭവിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് തുഹ്ഫ : ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമില്‍ സാമ്രാജിത്വ വിരുദ്ധതയെ കാണുന്നവര്‍ അദ്ദേഹത്തിന്റെ ആത്മീയ ചക്രവാളം വിസ്മരിക്കുക മാത്രമല്ല നിരാകരിക്കുക കൂടി ചെയ്യുന്നത് കാപട്യമാണ്. അദ്ദേഹത്തിന്റെ ആദ്ധ്യാത്മികതയെ ഒഴിച്ചു നിര്‍ത്തി ദേശീയ വാദിയെ കണ്ടെത്താനാവില്ല. ഇസ് ലാമിക പണ്ഢിതനായ മഖ്ദും സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുന്നത് ആത്മീയ ജീവിതത്തിന്റെ ഭൂമികയില്‍ നിന്നാണ്.

മാപ്പിളമാര്‍ ഈ യുദ്ധം നടത്തി മലയാള ക്കരയും ഭാഷയും സംരക്ഷിച്ചില്ലായിരുന്നുവെങ്കില്‍ എഴുത്തച്ഛന് തിരൂരില്‍ സ്വസ്ഥമായിരുന്ന് രാമായണ കാവ്യ രചന നടത്താന്‍ കഴിയുമായിരുന്നില്ലന്ന് കെ.കെ.എന്‍ കുറുപ്പ് പറയുന്നുണ്ട്.
ഖാസീ മുഹമ്മദ് (റ) ഫത്ഹുല്‍ മുബീന്‍ എഴുതിയത് യുദ്ധത്തിന് ശേഷമാണ്. എന്നാല്‍ സാമൂതിരിയുടെ ഭരണം കാക്കാന്‍ നായര്‍ പടയാളികളോട് മാപ്പിള പടയാളികളോട് ചേര്‍ന്ന് യുദ്ധം നടത്താന്‍ അദ്ദേഹം ഖുതുബകളിലൂടെ പ്രേരണ നല്‍കി. അതിന്റെ സമാഹാരമാണ് അല്‍ ഖുത്ബത്തുല്‍ ജിഹാദിയ്യ. വളാഞ്ചേരിയിലെ പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാരുടെ ഗ്രന്ഥ ശേഖരത്തില്‍ നിന്ന് അബ്ദുറഹിമാന്‍ ആദൃശ്ശേരി ഈ ഖുതുബ സമാഹാര ഗ്രന്ഥം 
പുറത്ത് കൊണ്ടു വന്നത് ഈ അടുത്താണ്. ഡോ: എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ഠഒഋ ണഅഞ ടജഋഋഇഒ എന്ന പേരില്‍ ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. സമരം കൊല്ലങ്ങള്‍ നീണ്ടപ്പോള്‍ ഉപരോധം കാരണം പൊറുതി മുട്ടിയ പോര്‍ച്ചുഗീസുകാര്‍ സാമൂതിരിക്ക് പണം നല്‍കാന്‍ തീരുമാനിച്ചത് മന്ത്രിമാര്‍ക്ക് സ്വീകാര്യമായിരുന്നിട്ടും പടയാളികളുടെ അഭിപ്രായം സ്വികരിച്ച് സാമൂതിരി വഴങ്ങാതിരുന്നതും ഈ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. കോഴിക്കോട്ടെ മിശ്കാല്‍ പള്ളിയില്‍ സാമൂതിരിയുടെ ഉദ്യോഗസ്ഥരും മുസ് ലിം പണ്ഢിതന്മാരും ഒരുമിച്ചു കൂടിയാണ് ചാലിയം യുദ്ധത്തിന് തീരുമാനം എടുത്തത് എന്ന് ഫത്ഹുല്‍ മുബീനില്‍ പറയുന്നുണ്ട്. എം.ജി.എസ് നാരായണന്‍ എഴുതുന്നു. കോഴിക്കോട്ടെ സാമൂതിരി മധ്യ കാല ശതകങ്ങളില്‍ രൂപമെടുത്ത ഇസ് ലാമിക മഹാ സഖ്യത്തിലെ ഹിന്ദു രാജാവായി അംഗീകരിക്കപ്പെട്ടു. അത് കൊണ്ടാണ് പതിനാറാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം പറങ്കികള്‍ക്കെതിരായി സാമൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും മുസ് ലിം കളും ചേര്‍ന്ന് ഒരു ജിഹാദ് നടത്തുവാന്‍ ആഹ്വാനം ചെയ്തത്. ഫത്ഹുല്‍ മുബീന്‍ എന്ന അറബി കാവ്യത്തില്‍ ചാലിയം കോട്ട പിടിച്ച കഥ വര്‍ണിക്കുമ്പോള്‍ കോഴിക്കോട്ടെ ഖാസീ മുഹമ്മദ് തുര്‍ക്കിയിലെയും ഈജിപ്തിലെയും സുല്‍ത്താന്മാരേക്കാള്‍ സാമൂതിരിയെ വാഴ്ത്താന്‍ ഇടവന്നതും ഈ പശ്ചാത്തലത്തിലാണ്.

(കോഴിക്കോട് ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍- പേജ് 45)
കാഫിറിനെതിരെ യുദ്ധം ചെയ്യാന്‍ തുഹ്ഫയു ഫത്ഹുല്‍ മുബീനും ഖുത്ബത്തുല്‍ ജിഹാദിയ്യയും ആഹ്വാനം ചെയ്യുമ്പോള്‍ പ്രതിപക്ഷ സ്ഥാനത്ത് അമുസ് ലിമിനെ മൊത്തം കാണുന്നത് വങ്കത്തമാണ്. സാമൂഹിക രാഷ്ട്രീയ വിഷയത്തില്‍ കാഫിറെന്നതിന്റെ വിവക്ഷ സാമൂഹ്യ ശാസ്ത്ര പരവും രാഷ്ട്രീയവുമാണ്. അതുകൊണ്ടാണ് കാഫിറിനെതിരായ യുദ്ധം സാമൂതിരിക്ക് വേണ്ടിയാകുന്നത്. സൗഹൃദത്തിന്റെ പരിസരത്ത് നിന്ന് വേണം ഇത് വായിക്കാന്‍. മതങ്ങള്‍ക്കിടയിലെ പരസ്പര സഹവര്‍തിത്വമെന്ന കോണില്‍ ഇന്ത്യക്കും കേരളത്തിനും പടിഞ്ഞാറ് നിന്ന് ലഭിച്ചതല്ല. അതിനുമെത്രയോ മുന്‍പ് നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണത്.



നാസര്‍ ഫൈസി കൂടത്തായി 9447338246

ബിസിനസിന്റെ ഫസ്റ്റ് ലേഡി


ഏഷ്യയിലെ ഏറ്റവും ശക്തയായ ബിസിനസുകാരിയെന്ന നേട്ടം റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനിക്ക്. ബിസിനസിന്റെ ഫസ്റ്റ് ലേഡി എന്നാണ് നിതയെ ഫോര്‍ബ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ശക്തയായ ബിസിനസുകാരിയെന്ന നേട്ടം റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സന്‍ നിത അംബാനിക്ക്. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട 50 പേരുടെ പട്ടികയിലാണ് നിത ഒന്നാമതെത്തിയത്. പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് എട്ടു പേര്‍ ഇടംനേടിയിട്ടുണ്ട്. എസ്ബിഐ ചെയര്‍മാനും മാനെജിങ് ഡയറക്ടറുമായ അരുന്ധതി ഭട്ടാചാര്യയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

മുസിഗ്മ സിഇഒ അംബിക ധീരജ്(14ാം സ്ഥാനം), വെല്‍പ്‌സണ്‍ ഇന്ത്യ സിഇഒ ദിപാലി ഗോയങ്ക(16ാംസ്ഥാനം), ലുപിന്‍ സിഇഒ വിനിത ഗുപ്ത(18ാംസ്ഥാനം), ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചാന്ദ കൊച്ചാര്‍(22ാംസ്ഥാനം), വിഎല്‍സിസി ഹെല്‍ത്ത് കെയര്‍ സ്ഥാപകയും വൈസ് ചെയര്‍മാനുമായ വന്ദന ലുത്ര(26ാംസ്ഥാനം), ബയോകോണ്‍ സ്ഥാപകയും ചെയര്‍മാനും എംഡിയുമായ കിരണ്‍ മസുംദാര്‍ ഷാ(28ാംസ്ഥാനം) എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് ഇന്ത്യക്കാര്‍.
ചൈന, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, ഹോങ്കോങ്, ജപ്പാന്‍, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് നിതയും അരുന്ധതിയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യയാണ് 52കാരിയായ നിത.

ഇന്ത്യയില്‍ കോടീശ്വരന്മാരുടെ ഭാര്യമാര്‍ ഭര്‍ത്താവിന്റെ തണലില്‍ കഴിയുമ്പോള്‍ നിത വേറിട്ട് നില്‍ക്കുകയാണെന്ന് ഫോര്‍ബ്‌സ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ബിസിനസിന്റെ ഫസ്റ്റ് ലേഡി എന്നാണ് നിതയെ ഫോര്‍ബ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. 

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...