കേരളത്തിൻറെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിൻറെ മൂന്നുദിവസം നീണ്ടുനിന്ന അനന്തര ചടങ്ങുകൾ നമ്മൾ ശ്രദ്ധിച്ചു.
ഇസ്ലാമിക മരണാനന്തര സംസ്കരണ സംസ്കാരം മറ്റേത് സംസ്കാരങ്ങളെക്കാളും
എത്രമാത്രം അയത്ന ലളിതവും സുന്ദരവുമാണ് എന്ന് ഇതൊക്കെ കാണുന്നവർക്ക് പെട്ടെന്ന് ബോധ്യമാകും.
മരിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ഉമ്മൻ ചാണ്ടിയെ ഇനിയും അടക്കിയില്ലേ എന്നൊക്കെ നമ്മൾ ചോദിച്ചത് അതുകൊണ്ടാണ്.
ഇസ്ലാമിക മരണാനന്തര ചടങ്ങുകളിലേക്ക് മറ്റു സംസ്കാരങ്ങൾ കടന്നുവരുന്നത് സൂക്ഷിക്കണം എന്ന് പറയലാണ് ഈ കുറിപ്പിന്റെ പ്രധാന ഉദ്ദേശം. അത്തരം ചിലത് ഇങ്ങോട്ട് കടന്നു വരുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.
മരണപ്പെട്ടവർക്ക് വേണ്ടി കുറെ ആളുകൾ ഉറക്കം ഒഴിക്കുന്നതും കുറെ ആളുകൾ പണിയും പണവും സമയവും കളയുന്നതാണ് മറ്റു മതങ്ങളുടെ സംസ്കാരങ്ങളിൽ നമ്മൾ കാണുന്നത്.
കുറച്ച് രാഷ്ട്രീയ പരിസരം കൂടി ഉണ്ടാകുമ്പോൾ ഇതിനൊക്കെ ഒന്നുകൂടെ കൊഴുപ്പ് കൂടും.
ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ദിവസത്തിലേറെ ഉറങ്ങാതെ പിതാവിൻറെ വിലാപയാത്രയിൽ അനുഗമിച്ചു എന്ന് പത്ര വാർത്തയിൽ വായിച്ചു.
സാധാരണ ഗതിയിൽ മാതാവോ പിതാവോ മരിച്ചു കിടക്കുമ്പോൾ മക്കൾ ഉറങ്ങാൻ പോകുന്നത് ശരിയല്ല.ഉറങ്ങാതെ കഷ്ടപ്പെട്ട് മയ്യത്തിന് കാവൽ നിൽക്കേണ്ട കാര്യവും ഇല്ല .
കുറെ ദിവസം അസുഖ ബാധിതനായതിനുശേഷമായിരിക്കും പലർക്കും മരണം സംഭവിക്കുക.
ഇവിടെയാണ് ഇസ്ലാമിക സംസ്കരണം മുറകളുടെ സൗന്ദര്യം പ്രകടമാകുന്നത്.
മരണപ്പെട്ടാൽ ഉടനെ കുളിപ്പിക്കണം.
കഴിയുന്നത്രയും വേഗത്തിൽ മയ്യത്ത് എടുക്കണം.
മയ്യത്തിന്റെ ശരീരം അഴുകുമെന്ന് ഭയമുണ്ടെങ്കിൽ ആ നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് ഒരു കാരണവശാലും കൊണ്ടുപോകാൻ പാടില്ല. (കൊണ്ടുപോകുന്നുണ്ടെങ്കിൽ അതിന് പ്രത്യേകമായ നിയമങ്ങൾ പാലിക്കാതെ കൊണ്ടുപോകുന്നത് നിഷിദ്ധമാണ്)
കൂടുതൽ ആളുകൾ എത്തിച്ചേരുന്നതിന് വേണ്ടി മയ്യത്തെടുക്കുന്നത് പിന്തിപ്പിക്കാൻ പാടില്ല.
പൊതുദർശനം എന്ന ഒരു ചടങ്ങില്ല.
വിലാപയാത്രയില്ല.
റീത്തും പൂവും വേണ്ട.അനുശോചന സംഗമങ്ങളും വേണ്ട.
മയ്യത്തുമായി വേഗത്തിൽ നടന്നു പോകണം .
അടയാളത്തിന് ഒരു കല്ല് ഖബറിന്റെ ഒരു ഭാഗത്ത് വെക്കണം.
മീസാൻ കല്ല്.
ഒരു പച്ച മരക്കമ്പും ഖബറിൽ മുകളിൽ നാട്ടാം.
മുകളിൽ അല്പം പച്ചവെള്ളം ഒഴിക്കുന്നത് നല്ലതാണ്.
മരിച്ചവർക്കും മറ്റും ആശ്വാസം കിട്ടാൻ വേണ്ടി പരിശുദ്ധമായ ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കാം.
മയ്യത്തിന് വേണ്ടി എളുപ്പമുള്ള ഇത്രയേ ചെയ്യേണ്ടൂ.
കുടുംബത്തെ ആശ്വസിക്കുന്നവർക്ക് മറമാടിയതിനു ശേഷം മാക്സിമം മൂന്നു ദിവസം വരെ അതാവാം.
എത്ര ലളിതം, സുന്ദരം .
മരിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് മറമാടണമെന്നത് കൂട്ടത്തിൽ കർശന നിയമമാണ്.
ഫ്രീസറിൽ വച്ച് ആളുകളെ കാത്തിരിക്കരുത്.
ഇവിടെ സ്വാഭാവികമായി രണ്ട് ചോദ്യങ്ങൾ ഉന്നയിക്കപ്പെടും.
മരണപ്പെട്ട ആളെ കാണാൻ കാത്തിരിക്കുന്നത് വ്യക്തികളെ പരിഗണിക്കൽ അല്ലേ ?
കൂടുതൽ സമയം കാത്തിരുന്നാൽ കൂടുതൽ
ആളുകൾ മയ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ വരികയില്ലേ ?
ആളുകൾ മയ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ വരികയില്ലേ ?
ഇതിൻറെ മറുപടി നമ്മുടെ ആവശ്യങ്ങളെക്കാൾ മയ്യത്തിന്റെ ആവശ്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നതാണ്.
നബി തങ്ങളുടെ തിരുവചനത്തിൽ ഇതിനുള്ള മറുപടിയുണ്ട്.
"സുകൃതം ചെയ്ത ആളാണെങ്കിൽ അതിൻറെ പ്രതിഫലം ഏറ്റുവാങ്ങുന്നതിനു വേണ്ടി നിങ്ങൾ മയ്യത്തിനെ എത്രയും പെട്ടെന്ന് കബറിലേക്ക് എത്തിക്കുക.ദുർവൃത്തൻ ആണെങ്കിൽ എന്തിന് ഒരു ശവം നിങ്ങൾ അവിടെ വെച്ച് താമസിപ്പിക്കണം ?"
ഈ പറഞ്ഞതിൽ രാഷ്ട്രീയക്കാരൻ എന്നോ നേതാവ് എന്നോ മറ്റോ ഒരു വ്യത്യാസവുമില്ല.എല്ലാവരും തുല്ല്യർ .
എല്ലാവർക്കും ഒരേ ഒരു പേര്.
മയ്യിത്ത് .
പിന്നെ, വൈകി വരുന്നവരുടെ കാര്യം.
നമ്മൾ പ്രാർത്ഥിക്കുന്നത് ആത്മാവിന് വേണ്ടിയാണ്.
ജഡത്തിനു വേണ്ടിയല്ല.
ആത്മാവ് എന്നും കബറകത്തുണ്ട് .
വൈകി വരുന്നവർക്ക് ഖബറിടത്തിൽ വെച്ച് എത്ര സമയവും പ്രാർത്ഥിക്കാമല്ലോ.
കാലം ചെല്ലുംതോറും മരണവീടുകൾ സംഘടന വളർത്താനും ജനഹൃദയങ്ങളിൽ ഇടം നേടാനും ഒക്കെയുള്ള നയതന്ത്ര വേദികൾ കൂടി ആയിത്തീരുന്നുണ്ട് എന്നതിൽ തർക്കമില്ല.
അതെല്ലാം കൂടെ അൽപാല്പമായി നമ്മുടെ ചടങ്ങുകളിലേക്ക് കടന്നുകൂടാതിരിക്കാൻ ജാഗ്രത പാലിക്കുക.
നബി തങ്ങളുടെ സുന്നത്തിനെ മുറുകെ പിടിക്കുക.നബി തങ്ങളുടെ സുന്നത്താണ് ഏറ്റവും ഉത്തമമായ സുന്നത്ത്.
മുഈനുദ്ദീൻ ബാഖവി