Monday, April 10, 2017

അവധിക്കാലം എങ്ങനെ ചെലവഴിക്കാം.....

                    വീണ്ടും അവധിക്കാലം വന്നെത്തി. നാടിന്റെ കോലവും ശീലവുമെല്ലാം പാടെ മാറി മറിഞ്ഞ ഈ കാലത്ത് അവധിക്കാലം മാങ്ങയ്ക്ക് കല്ലെറിഞ്ഞും കുട്ടിയും കോലും കളിച്ചും വിനോദവും വികൃതിയുമായി നാളുകള്‍ തള്ളിനീക്കുന്ന പഴയ ശീലങ്ങളുടെ കാലമല്ല. ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അവധിക്കാലം കളിയുടെയും കാര്യത്തിന്റെയും കാലമാണ്. പതിവ് ടൈംടേബിളിനെ മാറ്റിനിര്‍ത്തി സൗകര്യം പരിഗണിച്ച് കൂടുതല്‍ സമയം വിനോദത്തിലും അതില്‍ കൂടുതല്‍ സമയം വിജ്ഞാനത്തിലും ഏര്‍പ്പെടുന്ന ഒത്തിരി മധുരവും ഇത്തിരി കയ്പുമൊക്കെ നിറഞ്ഞ നാളുകളുടേതാണ് വര്‍ത്തമാനത്തിന്റെ അവധിക്കാലം.


അവധിക്കാലം രക്ഷിതാക്കള്‍ക്ക് പലപ്പോഴും ആകുലതയുടെയും വ്യാകുലതയുടെയും നാളുകളാണ്. പകലന്തിവരെ വിദ്യാലയങ്ങളിലും മറ്റും കഴിഞ്ഞിരുന്ന കുട്ടികള്‍ ഇരുപത്തിനാല് മണിക്കൂറും വീട്ടിലുണ്ടാകുമ്പോള്‍ അവരാല്‍ സംഭവിക്കുന്ന ചെറിയ-വലിയ ‘പ്രശ്‌നങ്ങള്‍’ രക്ഷിതാക്കളെ അധിക സമയവും അലോസരപ്പെടുത്താറുണ്ട്. എങ്കിലും കുട്ടിക്കും രക്ഷിതാവിനും അധികം അലട്ടില്ലാത്തവിധം ഒരു കര്‍മപദ്ധതി കുട്ടികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടാല്‍ അത് പ്രയോഗത്തില്‍ വരുത്തുന്നതിലൂടെ അവധിക്കാലം ആര്‍ക്കും നന്മനിറഞ്ഞതായിത്തീരുന്നതാണ്.


അവധിക്കാലത്ത് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനും പ്രവര്‍ത്തിക്കാനുമുണ്ടാകും. അവയില്‍ ആവശ്യമായതും ഗുണപ്രദമായതും കണ്ടെത്തി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അദ്ധ്യയനകാലത്ത് വേണ്ടവിധം അനുവര്‍ത്തിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളെല്ലാം യഥാവിധം ചെയ്യാന്‍ അവധിക്കാലം സൗകര്യപൂര്‍വം ഉപയോഗപ്പെടുത്താം. അണുകുടുംബ ജീവിതത്തിന്റെ ഈ കാലത്ത് സാമൂഹ്യമര്യാദകളും ബന്ധങ്ങളും ബാധ്യതകളും അറിയാനും മനസ്സിലാക്കാനും വരെ അവധിക്കാലം ഒരുവേള ഉപയോഗപ്പെടുത്താവുന്നതാണ്.

അവധിക്കാലത്ത് കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ലളിതമായ കര്‍മപരിപാടിയാണ് വായന. പാഠപുസ്തകങ്ങള്‍ക്കുമപ്പുറം അറിവിന്റെ ഒരു വലിയ ലോകം കീഴടക്കാന്‍ വായനയിലൂടെ സാധിക്കും. ഉത്തമ ഗ്രന്ഥങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, മലയാളം, ഇംഗ്ലീഷ് പത്രങ്ങള്‍ എന്നിവയൊക്കെ വായിക്കുന്നതിലൂടെ എക്കാലത്തും ഉപകാരപ്രദമാകുന്ന ഒട്ടേറെ അറിവുകള്‍ നേടാന്‍ ഏതു മീഡിയം പഠിക്കുന്ന കുട്ടിക്കും സാധിക്കുന്നതാണ്. അതേസമയം നടേ പറഞ്ഞവ അവരുടെ കഴിവും പ്രായവും പരിഗണിച്ചുകൊണ്ട് മാത്രമേ നടപ്പാക്കാവൂ. ഹൈസ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കാണ് ഇംഗ്ലീഷിലുള്ള കൊച്ചു പുസ്തകങ്ങളും പത്രവായനയുമൊക്കെ ഏറ്റവും യോജിക്കുന്നത്.

വായനക്ക് ധാരാളം അവസരം ലഭിക്കുമ്പോള്‍ തന്നെ അവയിലെ പ്രധാന വിവരങ്ങള്‍ എഴുതിവെച്ചും ശേഖരിച്ച് സൂക്ഷിച്ചും മുതല്‍കൂട്ടാക്കാം. താല്‍പര്യമില്ലാത്തവ വായിക്കാനും പ്രയോജനപ്പെടാത്തവ ശേഖരിക്കാനും നിര്‍ദ്ദേശിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങള്‍ തങ്ങളുടെ മാത്രം സൗകര്യത്തിനനുസരിച്ച് രക്ഷിതാക്കള്‍ കുട്ടികളില്‍ അടിച്ചേല്‍പിക്കുന്ന അവസ്ഥയും ഉണ്ടാകാവതല്ല.

പഠനരംഗത്ത് ആവശ്യമായ വിവിധ ഭാഷകളിലെ കഴിവും പാടവവും വര്‍ദ്ധിപ്പിക്കാനും അവധിക്കാലം ഉപയോഗപ്പെടുത്താവുന്നതാണ്. അപ്പര്‍ പ്രൈമറി തലം തൊട്ട് വിദ്യാര്‍ത്ഥികളില്‍ ഇപ്പോള്‍ ഭാഷാപഠനത്തിന് നല്ല പ്രാവീണ്യവും അടിസ്ഥാന വിവരവും ആവശ്യമാണ്. ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിലെ മെച്ചപ്പെട്ട പഠനവും നല്ല കഴിവും ഭാവിയില്‍ തൊഴില്‍ രംഗത്ത് വലിയ ഗുണം ചെയ്യും. അവധിക്കാലത്ത് സ്വകാര്യപഠനകേന്ദ്രങ്ങള്‍ വഴിയോ ട്യൂഷന്‍ വഴിയോ ഇത്തരം ഭാഷകളില്‍ അധിക പഠനത്തിന് അവസരം കണ്ടെത്താവുന്നതാണ്. കൂടാതെ ശാസ്ത്രവിഷയത്തിലും സാമൂഹ്യവിഷയത്തിലുമൊക്കെ ചിത്രങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമായി വിവിധ കാര്യങ്ങള്‍ ചെറുതായി മനസ്സിലാക്കിയവയായുണ്ടാകും. ഇത്തരം കാര്യങ്ങളെ വിശദമായി അറിയാനും പരിചയപ്പെടാനും അവധിവേളയില്‍ ശ്രമം നടത്താം. ഇവ്വിഷയത്തില്‍ സ്‌നേഹിതരുടെയോ സഹപാഠികളുടെയോ റഫറന്‍സ് പുസ്തകങ്ങള്‍, ആല്‍ബങ്ങള്‍, ഉപകരണങ്ങള്‍ മുതലായവയുടെ സഹായം തേടാവുന്നതുമാണ്.

മദ്‌റസാ പഠനത്തിനും ഖുര്‍ആന്‍ പഠനത്തിനുമൊക്കെ വിവിധ കാരണങ്ങളാല്‍ വേണ്ടത്ര അവസരം ലഭിക്കാത്തവര്‍ കുട്ടികളില്‍ ഉണ്ടായേക്കാം. വളരുന്ന തലമുറക്ക് ദിനീശിക്ഷണവും വിശുദ്ധ ഗ്രന്ഥത്തിന്റെ പഠനവുമൊക്കെ വലിയ തോതില്‍ തന്നെ നല്‍കേണ്ടത് ആധുനിക കാലത്ത് വളരെ ആവശ്യമാണ്. അവധിക്കാലം മതപഠനത്തിനും ഖുര്‍ആന്‍ പഠനത്തിനും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ഖുര്‍ആനിലെ കൊച്ചുസൂറത്തുകള്‍ മനഃപാഠമാക്കാനും മനഃപാഠമായതില്‍ പോരായ്മയുണ്ടെങ്കില്‍ അവ നികത്താനും ഈ കാലം വളരെ ഉചിതമായിരിക്കും. ഒപ്പം ഫര്‍ളും സുന്നത്തുമായ നിസ്‌കാരങ്ങള്‍, ദിക്‌റുകള്‍, സ്വലാത്തുകള്‍ എന്നിവ പഠിച്ച് അവ കൃത്യതയോടെയും നിഷ്ഠയോടെയും കുറ്റമറ്റ് പ്രാവര്‍ത്തികമാക്കി പരിശീലിക്കാനുമുള്ളതാണ് ഒഴിവുകാലം.

വിദ്യാഭ്യാസ രംഗത്ത് അധ്യയന വിഷയങ്ങളോടൊപ്പം കലാ-സാഹിത്യമേഖലകളിലെ കഴിവിനും മേന്മക്കും വലിയ സ്ഥാനമാണ് നിലവിലുള്ളത്. കഥ, കവിത, ഗാനം, ലേഖനം, പ്രസംഗം, ചിത്രരചന തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള പ്രാധാന്യം ക്ലാസുകള്‍ ഉയരും തോറും ഉയര്‍ന്നുവരികയും ചെയ്യും. കുട്ടികളിലെ ഇത്തരം മേഖലകളിലുള്ള കഴിവുകള്‍ വികസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അവധിക്കാലനാളുകള്‍ ഉപകരിക്കുന്നതാണ്. അച്ചടിമാധ്യമങ്ങളില്‍ പ്രത്യേകിച്ച് ബാലമാസികകളില്‍ കുട്ടികള്‍ക്ക് തങ്ങളുടെ രചനാപരമായ കഴിവുകള്‍ പ്രകാശിപ്പിക്കുവാന്‍ ഇപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാണ്.
കമ്പ്യൂട്ടര്‍ പഠനം, തയ്യല്‍ പരിശീനം, നീന്തല്‍, സൈക്കിള്‍ സവാരി തുടങ്ങിയവയില്‍ പഠനം നടത്തുവാനും പഠിച്ചവര്‍ക്ക് തുടര്‍പഠനത്തിനും പരിശീലനത്തിനും ഒഴിവുകാലം മികച്ച അവസരമാണ്.

നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, ചെടി നട്ടുവളര്‍ത്തല്‍ തുടങ്ങിയ ഹോബി (വിനോദം) കളില്‍ താല്‍പര്യമുള്ള കുട്ടികളുണ്ടാകും. മറ്റുള്ളവര്‍ ഇത്തരം ഹോബികളില്‍ വിജയികളായി നിലനില്‍ക്കുന്നത് കാണുമ്പോള്‍ അത്തരം കുട്ടികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഹോബിക്ക് സമയവും സൗകര്യവും ലഭിക്കാത്തതില്‍ ഖേദിക്കുന്നത് പതിവാണ്. താല്‍പര്യമുള്ളവര്‍ക്ക് ഈ രംഗത്തും തുടക്കം കുറിക്കുന്നതിന് അവധിക്കാലം ഉപയോഗപ്പെടുത്താം. ഹോബികള്‍ പഠനവേളകളിലും നേട്ടമായിത്തീരുന്നതാണ്.

അടുക്കള വേലകളും വീട്ടുവിശേഷങ്ങളും വേണ്ടവിധം അറിയാത്തവരാണ് ഇന്നത്തെ ആണ്‍ പെണ്‍ കൗമാര തലമുറ. പഠനഭാരത്തോടൊപ്പം അടുക്കളഭാരവും വീട്ടുവേലയും അവരുടെ തലയിലേറ്റി പഠനത്തിന്റെ പാളം തെറ്റിക്കേണ്ട എന്ന രക്ഷിതാക്കളുടെ വിചാരമാണ് ആണ്‍-പെണ്‍കുട്ടികള്‍ക്ക് പാചക കലയും ഇതര വേലകളും അന്യമാക്കിയത്. അവധിക്കാലം കുട്ടികളെ വിശിഷ്യ കൗമാരക്കാരെ ഇത്തരം കാര്യങ്ങള്‍ അറിയാനും അറിയിക്കാനും പരിശീലിപ്പിക്കാനുമെല്ലാം ഏറ്റവും അനുയോജ്യ വേളയാണ്. ശുചിത്വകാര്യങ്ങള്‍, അടുക്കള കൃഷി, പാചകം, അനുബന്ധ കാര്യങ്ങള്‍ ഇവയിലെല്ലാം ഈകാലത്ത് നന്നായി ഇടപെടാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കണം.

അവധിക്കാലത്ത് പ്രത്യേക ശ്രദ്ധയുണ്ടാകേണ്ട കാര്യമാണ് കുട്ടികളുടെ കൂട്ടുകെട്ടും ടി.വി. പ്രണയവും. സമയവും സൗകര്യവും ഏറെ ലഭിക്കുന്ന അവധിക്കാലത്ത് കുട്ടികള്‍ കൂട്ടുകെട്ട് വഴി തിന്മയിലേക്കും ദുഷ്ടശക്തികളുടെ കൈകളിലേക്കും എത്തിപ്പെടാന്‍ സാധ്യത ഏറെയാണ്. ടി.വി.ക്കു മുമ്പില്‍ മാത്രമായുള്ള ഇരുത്തവും തിന്മകള്‍ ചിന്തിക്കുവാനും ചെയ്യുവാനും ഇടയാക്കുന്നതാണ്. ഒപ്പം കമ്പ്യൂട്ടറിന്റെ കാര്യത്തിലും ജാഗ്രത വേണം. കുട്ടികളുടെ കൂട്ടുകെട്ട് ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യുകയും ടി.വി.യും കമ്പ്യൂട്ടറും സ്വകാര്യ-അമിത ഉപയോഗത്തിനു സാധ്യമാകത്തവിധം നിയന്ത്രിക്കുകയും ചെയ്യണം.

ഏതായാലും ഇപ്പോഴത്തെ അവധിക്കാലം പഴയ മാമ്പഴക്കാലമല്ല. വികൃതിയും കുസൃതിക്കുമുള്ള കാലവുമല്ല. ഉപകാരമാകുന്നവ നേടാനും അറിയേണ്ടത് സ്വായത്തമാക്കാനും ആവശ്യമായത് പഠിക്കാനും പരിശീലിക്കാനുമൊക്കെയുള്ള കാലമാണ്. ഓര്‍ക്കുക.. കാലം ആരെയും കാത്തിരിക്കില്ല.

വാഫി വഫിയ്യ: പഴമയുടെ മഹിമയും പുതുമയുടെ ഗുണമേന്മയും

‘മത ഭൗതിക വിദ്യകളുടെ സമന്വയം അസാധ്യമാണെന്നും അവ പരസ്പര വിരുദ്ധമാണെന്നും വിചാരിക്കുന്നത് ധിഷണാ ദൗര്‍ബല്യംകൊണ്ടാണ്. നാം ഈ ചിന്തയെ തൊട്ട് അല്ലാഹുവില്‍ അഭയം തേടുന്നു. ഭൗതികവിദ്യ ഭക്ഷണവും മതവിദ്യ ഔഷധവുംപോലെ രണ്ടും അനിവാര്യമാണ്.’

പ്രത്യുല്‍പന്നമതിയായ ഇമാം ഗസാലി (റ) യുടെ പ്രസ്താവനയിലുള്ളതാണ് ഈ മൊഴികള്‍. കേരളത്തിലെ മതപ്രസംഗ സ്റ്റേജുകളില്‍ നിറസാന്നിധ്യമായിരുന്ന പണ്ഡിതനാണ് തഴവാ മൗലവി. കാല്‍ നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിന്താബന്ധുരമായ കാവ്യ ശകലങ്ങളിലെ ഈ വരി ശ്രദ്ധേയമാണ്.

‘ലൗകിക വിദ്യാ വാഹനം കൊള്ളാമെടോ
ആത്മീയ വിദ്യകളാണതിന്റെ ബ്രേക്കെടോ
സ്‌കൂള്‍ വിദ്യായില്ലാ എങ്കിലിന്നൊരു നഷ്ടമാ
അതു മാത്രമേ ഉള്ളതെങ്കില്‍ കഷ്ടമാ
രണ്ടും നിനക്ക് ലഭിക്കുമൊന്നില്‍നിന്നു
എന്നാല്‍ ജയിച്ചിടും ലോകമില്‍ നീ അന്ന്.’

പണ്ഡിതന്റെ പ്രധാന ദൗത്യം പ്രബോധനമാണ്. പ്രബോധിതരുടെ ഭാഷയും സാഹചര്യവും അവരുടെ മുന്നിലുള്ള പ്രത്യയശാസ്ത്രപരമായ സമസ്യകളും ഗ്രഹിക്കേണ്ടതനിവാര്യമാണ്. സാംസ്‌കാരികമായ അധിനിവേശത്തിന്റെ തടവറകളിലെത്തുന്നവരാണിന്ന് പുത്തന്‍ തലമുറ. അതോടെ വ്യക്തിത്വം നഷ്ടപ്പെടാനിടയാകുന്നു. ഈ സൈദ്ധാന്തികമായ ഇടപെടലുകള്‍ വെല്ലുവിളിയായി ഏറ്റെടുക്കാന്‍ പണ്ഡിതന്‍മാര്‍ക്ക് കഴിയണം. കാലികമായ വിജ്ഞാനങ്ങള്‍ സ്വന്തപ്പെടുത്തേണ്ടത് ചെറുത്തുനില്‍പിന് ശക്തി പ്രധാനംചെയ്യുന്ന ആയുധമാണ്. സമന്വയ പഠനത്തിനുതകുന്ന കാലാവസ്ഥയാണിന്ന് കേരളത്തിലുള്ളത്. വിജ്ഞാന തല്‍പരരായ എല്ലാവരുമിന്ന് വിമര്‍ശനം വിട്ട് ഇതിനെ സ്വാഗതം ചെയ്യുന്നു. മതപഠനത്തിനു ഭൗതിക പഠനമോ ഭൗതിക പഠനത്തിനു മതപഠനമോ തടസ്സമാവാതെ സമന്വയം പരിഹാരമായി എല്ലാ ഉന്നത മതപഠന കേന്ദ്രങ്ങളും സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്.


കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) വിഭാവനം ചെയ്യുന്ന വാഫി വഫിയ്യ കോഴ്‌സുകള്‍ക്ക് സമന്വയ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലിന്ന് ജനപ്രിയ കോഴ്‌സായി മാറിയിരിക്കുന്നു. 51 ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജുകള്‍ ഈ സിലബസനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ നാലെണ്ണം വനിതാ (വഫിയ്യ) കോളജുകളാണ്.


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സി.ഐ.സിക്ക് നേതൃത്വം നല്‍കുന്നത്. ആദൃശ്ശേരി അബ്ദുല്‍ ഹക്കീം ഫൈസി കോ-ഓര്‍ഡിനേറ്ററും. എസ്.എസ്.എല്‍.സിക്കുശേഷം എട്ട് വര്‍ഷമാണ് കോഴ്‌സുകാലം. ആദ്യത്തെ രണ്ടുവര്‍ഷം തംഹീദിയ്യ (പ്രിപ്പറേറ്ററി), നാലു വര്‍ഷം ആലിയ്യ (ഡിഗ്രി), രണ്ടുവര്‍ഷം മുതവ്വല്‍ (പി.ജി), ആകെ 16 സെമസ്റ്റര്‍. തംഹീദി ക്ലാസില്‍ നഹ്‌വ് (ഗ്രാമര്‍), സര്‍ഫ് (മോര്‍ഫോളജി), കര്‍മ്മശാസ്ത്രം, തസവ്വുഫ് സാഹിത്യം, രണ്ട് ജുസുഅ് ഹിഫുളും ഫങ്ഷനല്‍ ഉര്‍ദുവും. കൂടെ +1, +2 ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ്.


ആലിയ്യയില്‍ തഫ്‌സീര്‍ ഉലൂമുല്‍ ഖുര്‍ആന്‍, അഖാ ഇദ്ദ തസവ്വുഫ് മതങ്ങള്‍ ഇസങ്ങള്‍, ഫിഖുഹു നിദാന ശാസ്ത്രം, നിയമ നിര്‍മ്മാണ ചരിത്രം. ഗ്രാമര്‍ അലങ്കാര ശാസ്ത്രം, സാഹിത്യം, സാഹിത്യ ചരിത്രം, ചരിത്ര നിരൂപണം, വൃത്തശാസ്ത്രം, തര്‍ക്കശാസ്ത്രം, ഫങ്ഷണല്‍ അറബിക്, ഭാഷാ ശാസ്ത്രം, ചരിത്രം. കൂടെ യു.ജി.സി അംഗീകരിച്ച യൂനിവേഴ്‌സിറ്റി ഡിഗ്രിയും.

തംഹീദിയ്യ ആലിയ്യാ ഘട്ടങ്ങളില്‍ സെമസ്റ്റര്‍ സിസ്റ്റവും മുതവ്വല്‍ (പി.ജി) ഘട്ടങ്ങളില്‍ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സ്‌കീമുമാണ് (സി.ബി.സി. എസ്.എസ്) ഈ കോഴ്‌സിന്നുള്ളത്. ഉസൂലുദ്ദീന്‍, ശരീഅ:, ലുഗ: ഹളാറ: എന്നീ ഫാക്കല്‍റ്റികള്‍ തെരഞ്ഞെടുക്കാവുന്നതാണ്.

(1) ഉസൂലുദ്ദീന്‍ ആധുനികവും പുരാതനവുമായ തഫ്‌സീറുകള്‍, ഹദീസ് അഖായിദ് മതങ്ങളുടെയും ഇസങ്ങളുടെയും താരതമ്യ പഠനം, തെറ്റിദ്ധാരണക്ക് മറുപടി, തസവ്വുഫ് തര്‍ക്കശാസ്ത്രം, ഫിലോസഫി എന്നീ വിഷയം പഠനത്തിന് വിധേയമാക്കും.

(2) ശരീഅ: ഫിഖ്ഹ് മദ്ഹബുകളുടെ നിദാനം, ശരീഅത്തിന്റെ അന്തസത്ത, ആധുനിക കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങള്‍, ഇസ്‌ലാമിക സാമ്പത്തികശാസ്ത്രം, ബാങ്കിംഗ്, ന്യൂനപക്ഷ ഫിഖ്ഹ്, തുടങ്ങിയവയാണ് വിഷയം.
(3) ലുഗ ഹളാറ: ഭാഷാ ശാസ്ത്രം, അലങ്കാര ശാസ്ത്രം, സാഹിത്യം, സാഹിത്യ നിരൂപണം, സാഹിത്യ ചരിത്രം, വൃത്തശാസ്ത്രം, ചരിത്രം, ഓറിയന്റലിസം, ട്രാന്‍സ്‌ലേഷന്‍ തുടങ്ങിയ പ്രധാന വിഷയങ്ങളാണ് ഈ പറഞ്ഞ മൂന്ന് ഫാക്കല്‍റ്റികള്‍ക്കും. തഫ്‌സീര്‍, ഫിഖ്ഹ്, ഹദീസ്, സൈക്കോളജി എന്നീ വിഷയങ്ങള്‍ ഉണ്ടായിരിക്കും. പി.ജി പഠന കാലത്ത് ഡി.സി.എ നിലവാരത്തിലുള്ള കമ്പ്യൂട്ടര്‍ പഠനവും ഹിസ്ബ് ടീച്ചിംഗ് ട്രൈയിനിംഗ് (എസ്.കെ.ഐ.വി.ബി) ഉണ്ടായിരിക്കും. കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 100 പേജില്‍ കുറയാത്ത അറബി ഭാഷയില്‍ ഒരു ഗവേഷണ പ്രബന്ധം (ഡിസ്സര്‍ട്ടേഷന്‍) സമര്‍പ്പിക്കേണ്ടതാണ്. വിഷയം സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും. വൈവേയും നടക്കും.
എസ്.എസ്.എല്‍.സിക്കുശേഷം വനിതകള്‍ക്ക് നല്‍കുന്ന അഞ്ചുവര്‍ഷത്തെ കോഴ്‌സാണ് വഫിയ്യ. പത്ത് സെമസ്റ്റര്‍. രണ്ടുവര്‍ഷം പ്രിപ്പറേറ്ററി നഹ്ഖ് സര്‍ഫ് കര്‍മ്മശാസ്ത്രം, തസവ്വുഫ് സാഹിത്യം. ചരിത്രം. ഹിഫഌ (രണ്ട് ജുസുഅ്). എഴുത്ത്. കൂടെ +1, +2 ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്. ഡിഗ്രി മൂന്നുവര്‍ഷം. ഫതുഹുല്‍ മുഈന്‍, ഉസൂലുല്‍ ഫിഖ്ഹ് തഫ്‌സീര്‍ (ജലാലൈനി), ഹദീസ് (മിശ്ക്കത്ത്) അഖാഇദു, സാഹിത്യം, അലങ്കാര ശാസ്ത്രം, ഹോം സയന്‍സ്, ശൈശവ മന:ശാസ്ത്രം, ശാരീരിക വളര്‍ച്ച, വ്യക്തത്വ വികസനം, കുടുംബ ജീവിതം, സാമൂഹിക വികസനം, രോഗ പ്രതിരോധം, വാര്‍ധക്യം, രോഗ ശുശ്രൂഷ. കൂടെ യു.ജി.സി അംഗീകരിക്കുന്ന യൂനിവേഴ്‌സിറ്റി ഡിഗ്രിയും.

യൂനിവേഴ്‌സിറ്റി ഡിഗ്രി നേടിയവര്‍ക്കെ വാഫി വഫിയ്യ ബിരുദം നല്‍കപ്പെടുകയുള്ളൂ എന്നത് ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ എം.ഒ.യു നേടിയ ഈ കോഴ്‌സിന് കൈറോ യൂനിവേഴ്‌സിറ്റിയുടെ ഈക്വലന്‍സും ലഭിച്ചിട്ടുണ്ട്. ജാമിഅ: മില്ലിയ്യ, അലീഗര്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ വിശ്വോത്തര പഠന കേന്ദ്രങ്ങളുടെ അംഗീകാരവും ഈ കോഴ്‌സിനുണ്ട്. ബഹു.സമസ്ത കേന്ദ്ര മുശാവറ ശരിവെച്ച ഏക കോഴ്‌സാണ് കേരളത്തിലെ വാഫി സിലബസ്.

കോഴ്‌സ് പൂര്‍ത്തിയാക്കിയ വാഫികള്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ കൈറോ, ഡല്‍ഹിയിലെ ജെ.എന്‍.യു, ജാമിഅ: മില്ലിയ തുടങ്ങിയ മത ഭൗതിക മേഖലയിലെ വിശ്വോത്തര യൂനിവേഴ്‌സിറ്റികളില്‍ പി.എച്ച്ഡി ചെയ്യുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രബോധന അധ്യാപന മാധ്യമ മേഖലകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. സാമൂഹിക സേവനം ഈ കോഴ്‌സിന്റെ പ്രധാന ഭാഗമായി അംഗീകരിച്ച ആദ്യത്തെ സമന്വയ സിലബസാണ് വാഫി. എല്ലാവര്‍ഷവും ഏപ്രില്‍-മെയ്‌ മാസങ്ങളിലാണ് പ്രവേശനം നല്‍കപ്പെടുന്നത്. കോഴ്സുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും മറ്റുമായി സി.ഐ.സിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.wafycic.com

                                                                – സെയ്തു മുഹമ്മദ് നിസാമി-

(ഡയറക്ടര്‍, വാഫി അക്കാദമിക് കൌണ്‍സില്‍  & പ്രിന്സിപാല്‍ റഷീദിയ്യ എടവണ്ണപ്പാറ)

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...